വയറ്റിൽ കുത്തേറ്റു, കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്ക്; വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
Mail This Article
ആയൂർ ∙ കെട്ടിട നിർമാണത്തൊഴിലാളിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറട മേക്കേക്കര പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണനെയാണ് (52) ഇടമുളയ്ക്കൽ പഞ്ചായത്തിലെ വാളകം വാലിക്കോട് കോളനിക്കു സമീപത്തെ വാടക വീട്ടിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
വയറ്റിൽ കുത്തേറ്റിരുന്ന ഉണ്ണിക്കൃഷ്ണന്റെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിയ നിലയിലായിരുന്നു. തലവൂർ പനംപറ്റ ലക്ഷംവീട് കോളനിയിൽ ജോസിനെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർകുന്നിൽ തെക്കേതിൽ കുഞ്ഞപ്പനോടൊപ്പമായിരുന്നു ഇവർ ഇരുവരും മൂന്നു വർഷമായി താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. മദ്യപിച്ച ശേഷം ഇവർ വഴക്കുണ്ടാക്കിയിരുന്നതായി പരിസരവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം സ്ഥലവാസികളായ ചിലരുമായി ചേർന്ന് ഇവർ മദ്യപിച്ചു. ഇതിനിടെ ഭക്ഷണം പാകം ചെയ്യുന്നതു സംബന്ധിച്ചു തർക്കം ഉണ്ടാവുകയും ഉണ്ണിക്കൃഷ്ണൻ ജോസിനെ മർദിക്കുകയും ചെയ്തു. തുടർന്ന് ഉണ്ണിക്കൃഷ്ണനെ മർദിച്ച ജോസ് കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിയ ശേഷം അടിവയറ്റിൽ ടാപ്പിങ് കത്തികൊണ്ടു കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ബഹളം നടക്കുന്ന വിവരം അറിഞ്ഞ് അഞ്ചലിൽ നിന്നു പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കൃഷ്ണനെ മരിച്ച നിലയിലും വീട്ടുടമ കുഞ്ഞപ്പനെ മദ്യപിച്ച് അബോധാവസ്ഥയിലും കണ്ടെത്തിയത്. കുഞ്ഞപ്പനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ജോസിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചതെന്നു പൊലീസ് പറഞ്ഞു.
വെള്ളറട കോവില്ലൂർ മേക്കേക്കര വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെയും കമലമ്മപിള്ളയുടെയും മകനാണ് ഉണ്ണിക്കൃഷ്ണൻ. ഡിവൈഎസ്പി അനിൽ എസ്.ദാസ്, അഞ്ചൽ ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്ഐ ഇ.എം.സജീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി.