വനം വളരുന്നു, ഈ നഗരത്തിൽ
Mail This Article
കൊല്ലം ∙ നഗരത്തിൽ വനം വളരുന്നു കരുത്തോടെ. അടിക്കാട് പോലെയായി മാറിയ വനത്തിൽ ചെടികൾ പൂവിട്ടു തുടങ്ങി. ആശ്രാമം മൈതാനത്തിന്റെ ഒരു മൂലയിൽ 20 സെന്റ് സ്ഥലത്താണ് മരങ്ങളും ചെടികളും ഔഷധ സസ്യങ്ങളും ഇടകലർന്ന ‘ മിയാവാക്കി’ മാതൃകാ വനം കരുത്തുകാട്ടി വളരുന്നത്. പരിസ്ഥിതി ദിനമായ ജൂൺ 5ന് ആണ് രാസവളങ്ങളോ കീടനാശിനിയോ ഇല്ലാതെ ജൈവ വസ്തുക്കൾ ആവശ്യാനുസരണം ചേർത്ത മണ്ണിലാണ് തൈകൾ നട്ടത്. ചുറ്റും വേലി നിർമിച്ച് ഇവ സംരക്ഷിക്കുന്നുണ്ട്.
പ്രതീക്ഷിച്ചതിലും വേഗമാണ് വളർച്ച. വനംവകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിൽ നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷനും കൾചർ ഷോപ്പിയും ചേർന്നാണ് ഇവിടം വനം ആക്കുന്നത്. പ്രാദേശിക സസ്യങ്ങൾക്കു പുറമേ വിദേശത്തു നിന്നുള്ള ചെടികളും ഉണ്ട്. ഔഷധ സസ്യങ്ങൾ പഴവർഗങ്ങൾ, ചെമ്പകം, കാട്ടുനെല്ലി, കടമ്പ്, ചാമ്പ, ബദാം, മന്ദാരം, പാരിജാതം, പേര, വേപ്പ് തുടങ്ങി 100 ഇനം സസ്യങ്ങൾ ഇവിടെ നട്ടിട്ടുണ്ട്.
ആശ്രാമത്ത് 20 സെന്റ് സ്ഥലത്ത് 3205 തൈകൾ നട്ടു
കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ സമയം കൊണ്ടു ധാരാളം സസ്യങ്ങൾ നട്ടുവളർത്തി സൂക്ഷ്മ വനം സൃഷ്ടിക്കുന്ന രീതി ആവിഷ്കരിച്ചത് . ജപ്പാനിലെ സസ്യ ശാസ്ത്ര പ്രഫസർ ഡോ. അകിര മിയാവാക്കിയാണ്. പ്രാദേശിക കാലാവസ്ഥയിൽ എളുപ്പത്തിൽ വളരുന്ന സസ്യങ്ങളാണ് നടുന്നത്. ഒരു ചതുരശ്ര മീറ്ററിൽ മൂന്നു മുതൽ അഞ്ച് വരെ തൈകൾ വരുന്ന രീതിയിലാണു മരങ്ങൾ നടുന്നത്. ആശ്രാമത്ത് 4 തൈകൾ വീതം നട്ടിട്ടുണ്ട്. 20 സെന്റ് സ്ഥലത്ത് 3205 തൈകൾ നട്ടുപിടിപ്പിച്ചു. 10% വിദേശ ഇനങ്ങളാണ്.