തെരുവിന്റെ മക്കൾക്ക് അന്നം; ഈ പൊലീസുകാർക്കു സ്നേഹത്തിന്റെ സല്യൂട്ട്
Mail This Article
ചവറ∙ സുരക്ഷയൊരുക്കലും ബോധവൽക്കരണവും മാത്രമല്ല ഈ പൊലീസുകാരുടെ ഡ്യൂട്ടി. വിശക്കുന്നവർക്ക് അന്നമേകാനും സദാ സന്നദ്ധരാണിവർ. ദേശീയപാതയിൽ അപകടങ്ങളിൽപെടുന്നവർക്ക് രക്ഷകരായും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ നിയന്ത്രിക്കാനുമൊക്കെ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂം വെഹിക്കിൾ സെവൻ പട്രോളിങ് ടീമാണ് വഴിയോരത്തെ കടത്തിണ്ണകളിലും തെരുവോരങ്ങളിലും വിശന്ന വയറുമായി അന്തിയുറങ്ങുന്നവരെ കണ്ടെത്തി ഭക്ഷണപ്പൊതി നൽകുന്നത്.
തങ്ങളുടെ സമ്പാദ്യത്തിൽ നിന്നുള്ള തുകയിലെ വരുമാനം കൊണ്ടാണ് ഇവരുടെ ഡ്യൂട്ടി ദിവസം എസ്ഐ.ടി.എ.നജീബും സിവിൽ പൊലീസ് ഓഫിസർ സനിൽകുമാറും ഭക്ഷണപ്പൊതികൾ നൽകുന്നത്. നീണ്ടകര മുതൽ കന്നേറ്റി പാലം വരെയുള്ളവർക്കാണു വിതരണം ചെയ്യുന്നത്. പൊലീസ്, ഫയർഫോഴ്സ്, സൈനിക വിഭാഗങ്ങളിലേക്കുള്ള ഉദ്യോഗാർഥികൾക്കായി ടൈറ്റാനിയം കേന്ദ്രമാക്കി സൗജന്യ പരിശീലനവും നജീബ് നൽകുന്നു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെയും ഇടപ്പള്ളിക്കോട്ട ഹായ് സാംസ്കാരിക വേദിയുടെയും സഹകരണത്തോടെയാണിത്. നജീബ് നൽകിയ പരിശീലനത്തിലൂടെ പൊലീസ്, അഗ്‌നിശമന സേന, സൈനിക വിഭാഗങ്ങളിൽ ഇതിനകം 2200 പേർക്ക് ജോലി ലഭിച്ചിട്ടുണ്ട്.