സഞ്ചാരികളുടെ തിരക്കിലമർന്ന് കിഴക്കൻമേഖല; കുളിക്കാൻ അവസരമില്ല, ജലപാതം കണ്ടു മടങ്ങാം
Mail This Article
തെന്മല∙ കിഴക്കൻമേഖലയിൽ സഞ്ചാരികളുടെ തിരക്കേറുന്നു; തെന്മല, ശെന്തുരുണി ഇക്കോടൂറിസം എന്നിവിടങ്ങളെല്ലാം സഞ്ചാരികളാൽ നിറയുന്നു. പാലരുവി ജലപാതം 7ന് തുറക്കും, കുളിക്കാൻ അവസരമില്ല. തെന്മലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികളെ ഉൾക്കൊള്ളാൻ പറ്റാത്ത സ്ഥിതിയാണ്.
ബോട്ടിങ്, കുട്ടവഞ്ചി എന്നിവയിലെ സവാരിക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്നു. 25 സീറ്റുള്ള ബോട്ടിൽ പകുതി സഞ്ചാരികളെ മാത്രമേ ഇപ്പോൾ അനുവദിക്കുന്നുള്ളൂ. ദിവസവും 2 സവാരി മാത്രമാണ് നടത്തുന്നത്. ഓരോ സവാരി കഴിഞ്ഞ് ബോട്ടും ജാക്കറ്റും അണുനശീകരണം നടത്തും. കോവിഡ് മാനദണ്ഡം പാലിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനാൽ കടുത്ത നിബന്ധനകളാണ് ഇക്കോടൂറിസം നിർദേശിച്ചിരിക്കുന്നത്.
പാലരുവി ജലപാതത്തിലേക്ക് ഏഴു മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും. കുളിക്കാൻ അനുമതി നൽകിയിട്ടില്ല. ജലപാതം കണ്ടു മടങ്ങാം. തെന്മല പരപ്പാർ അണക്കെട്ടിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിലും സഞ്ചാരികളുടെ തിരക്കാണ്. പതിമൂന്നുകണ്ണറ, ലുക്കൗട്ട് തടയണ എന്നിവടങ്ങളിലും സഞ്ചാരികൾ എത്തുന്നുണ്ട്.