നിറദീപമായ് പരബ്രഹ്മഭൂമി
Mail This Article
ഓച്ചിറ ∙ കോവിഡിന്റെ ഇരുളിൽ പടനിലത്തു വൃശ്ചികോത്സവം ആചാരം മാത്രമാക്കിയതിന്റെ നഷ്ടങ്ങളെല്ലാം ഭക്തർ മറന്ന സന്ധ്യയായിരുന്നു ഇന്നലെ. നിറദീപങ്ങളിൽ തെളിഞ്ഞുനിന്ന പരബ്രഹ്മ ഭൂമിയെ ഹൃദയത്തോടു ചേർത്തുവച്ചാണ് അവർ മടങ്ങിയത്. ആൽത്തറയിലെ കൽവിളക്കിലും പടനിലത്തിന്റെ എല്ലാ ഭാഗങ്ങളിലും ദീപങ്ങൾ തെളിഞ്ഞിരുന്നു. കോവിഡിനെ തുടർന്ന് ഇക്കുറി പടനിലത്തു കർശന നിയന്ത്രണങ്ങളായിരുന്നു.
ഭജനംപാർക്കൽ, വ്യാപാര വാണിജ്യ മേളകൾ, കലാമേള, സമൂഹഅന്നദാനം എന്നിവ പൂർണമായി ഒഴിവാക്കിയിരുന്നു. സമ്മേളനങ്ങൾ മിക്കതും ഓൺലൈനിലാണു നടത്തിയത്. ഇന്നലെ 6.15നു ദീപാരാധനയോടെ ആൽത്തറകളിലെ കൽവിളക്കിൽ പന്ത്രണ്ട് വിളക്ക് തെളിച്ചു. ഭക്തർ നാമ ജപങ്ങളോടെയും ശരണംവിളികളോടെയും ദർശനം നടത്തി.
കർപ്പൂരാരതി കൽവിളക്കിൽ ഉഴിഞ്ഞതോടെ പടനിലത്തും ആൽത്തറകളിലും എട്ടുകണ്ടത്തിലും ഒണ്ടിക്കാവിലും ഗണപതി ആൽത്തറയിലും മറ്റിടങ്ങളിലും ദീപങ്ങൾ തെളിച്ചു. പന്ത്രണ്ട് വിളക്ക് ദർശിക്കാനെത്തിയ ഭക്തരെ നിയന്ത്രിക്കുന്നതിനു ക്ഷേത്രഭരണസമിതിയും പൊലീസും ബുദ്ധിമുട്ടി. ഇന്നു പുലർച്ചെ എഴുന്നള്ളത്ത് ഗണപതി ആൽത്തറയിൽനിന്ന് ആരംഭിച്ചു പ്രദക്ഷിണം നടത്തി. കിഴക്കേ ആൽത്തറയ്ക്കു മുന്നിലെത്തി പതാക താഴ്ത്തിയതോടെ വൃശ്ചികോത്സവം കൊടിയിറങ്ങി.