ഉയരും മുൻപേ വീട് തകർത്ത് ദ്രോഹികളുടെ തേർവാഴ്ച; ഈ കണ്ണീരിനു വില പറയേണ്ടി വരും...
Mail This Article
പട്ടാഴി∙ ഒരു കൂരയുണ്ടാക്കണമെന്നു മാത്രമേ ഈ ജന്മത്തിൽ ആഗ്രഹം ഉള്ളൂ. ഞങ്ങളെ ഉപദ്രവിക്കുന്നവർ ഈ കണ്ണീരിനു വില പറയേണ്ടി വരും. ലക്ഷം വീട് കോളനിയിൽ സുഭദ്രാമ്മയുടെ വാക്കുകളാണ് ഇത്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനായി 65ാം വയസ്സിലും കാത്തിരിക്കുന്ന ഈ വയോധികയ്ക്ക് ഇനി എന്തു ചെയ്യണമെന്നറിയില്ല. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച തുക ഉപയോഗിച്ചു നിർമിക്കുന്ന വീടിന്റെ "തറ" പൊളിച്ചു കളഞ്ഞതാണു ഒടുവിലത്തെ സംഭവം. ഒരാഴ്ച മുൻപ് സമീപത്തെ മറ്റൊരു വീടിന്റെ നിർമാണ ആവശ്യത്തിനായി കെട്ടിയ താൽക്കാലിക ഷെഡ് കത്തിച്ചിരുന്നു. ഫെബ്രുവരി 9നാണ് ആദ്യം ഇവിടെ കത്തിക്കുന്നത്.
വസ്തുവും വീടുമില്ലാത്ത എട്ടു പേർക്കാണ് ഇവിടെ വീട് ഒരുങ്ങുന്നത്. ഇതിൽ നാല് വീടിന്റെ നിർമാണം തുടങ്ങി. തുടക്കത്തിൽ തന്നെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ നിർമാണം തടസ്സപ്പെടുന്നത്, ഇവിടെ വീട് നിർമിക്കുന്നവരെ സംബന്ധിച്ചു ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ഇവിടെ വീട് അനുവദിച്ചവരിൽ ഒരാളൊഴികെ മറ്റെല്ലാവരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ്. ഓരോ ദിവസവും ആക്രമണം നടന്നിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.