ADVERTISEMENT

ശാസ്താംകോട്ട ∙ കത്തുന്ന മീനച്ചൂടിലും ആവേശമൊട്ടും ചോരാതെ മുന്നണികൾ കുന്നത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറുന്നു. വികസനത്തിനും ക്ഷേമത്തിനും തുടർച്ച അഭ്യർഥിച്ച് എൽഡിഎഫും വികസനമുരടിപ്പിനും പിന്നാക്കാവസ്ഥയ്ക്കും പരിഹാരം വേണമെന്ന് ഓർമിപ്പിച്ച് യുഡിഎഫും ഇരുമുന്നണികളെയും വിചാരണ ചെയ്ത് എൻഡിഎയും രംഗത്തു സജീവം. മൂന്നു മുന്നണികളും പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്ഥാനാർഥി പര്യടനം തുടരുന്നു.

ഓരോ കവലയിലും അനൗൺസ്മെന്റ് വാഹനത്തിനൊപ്പം പ്രസംഗ സ്ക്വാഡുകളും എത്തും. രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം വിവാദങ്ങൾക്കും മറുപടി നൽകിയും സർക്കാരിനെതിരെ ചോദ്യശരങ്ങളെയ്തും യുവനേതാക്കൾ കത്തിക്കയറുന്നതിനിടയിൽ ആളും ആരവവുമായി സ്ഥാനാർഥി എത്തും. പൂക്കളും ഏത്തക്കുലയും കിരീടവും ഉൾപ്പെടെ സ്നേഹ വാൽസല്യങ്ങൾ ഏറ്റുവാങ്ങിയ ശേഷം ചെറിയ പ്രസംഗം. വൈകാതെ അടുത്ത കേന്ദ്രത്തിലേക്കു സംഘം നീങ്ങും. ഓരോ കവലയിലും ആക്ഷേപഹാസ്യ സ്വഭാവത്തോടെ കലാസംഘങ്ങളും സജീവമാണ്.

∙എൽഡിഎഫ് 

കോവൂർ കുഞ്ഞുമോൻ കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി പടിഞ്ഞാറ്, മൈനാഗപ്പള്ളി കിഴക്ക്, കുന്നത്തൂർ മേഖലകളിൽ സ്ഥാനാർഥി പര്യടനം പൂർത്തിയാക്കി. ഇന്നു ശൂരനാട് വടക്ക് ചക്കുവള്ളി സെഞ്ചുറി ജംക്‌ഷനിൽ നിന്നു പര്യടനം തുടങ്ങും. പാതിരിക്കൽ കൈതാ തെക്കേ മുക്കിൽ സമാപിക്കും. പ്രചാരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 11നു മന്ത്രി ജി. സുധാകരൻ കാരാളിമുക്കിൽ പ്രസംഗിക്കും. ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തിൽ 30, 31 തീയതികളിൽ 10 പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് 2 മേഖലാ ജാഥകൾ നടത്തും.

കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിനു മൈനാഗപ്പള്ളിയിൽ നൽകിയ സ്വീകരണം.
കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിനു മൈനാഗപ്പള്ളിയിൽ നൽകിയ സ്വീകരണം.

∙ യുഡിഎഫ് 

യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ സ്ഥാനാർഥി പര്യടനം മൈനാഗപ്പള്ളി, പവിത്രേശ്വരം, പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത്, ശൂരനാട് വടക്ക് പഞ്ചായത്തുകളിൽ പൂർത്തിയായി. ഇന്നു ശൂരനാട് തെക്ക് പതാരം മാമ്പുഴ മുക്കിൽനിന്നു പര്യടനം തുടങ്ങും. തെങ്ങുംവിള ജംക്‌ഷനിൽ സമാപിക്കും. പ്രചാരണത്തിന്റെ ഭാഗമായി നാളെ വൈകിട്ടു പവിത്രേശ്വരം പൊരീക്കൽ, കുന്നത്തൂർ കളീക്കലഴികത്ത് ജംക്‌ഷൻ, ശാസ്താംകോട്ട പുന്നമൂട് എന്നിവിടങ്ങളിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രസംഗിക്കും. ബൂത്ത്, മണ്ഡലം തലത്തിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.

കുന്നത്തൂർ  മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജി പ്രസാദിനെ പവിത്രേശ്വരത്ത് നാട്ടുകാർ മാലയിട്ട് സ്വീകരിക്കുന്നു.
കുന്നത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജി പ്രസാദിനെ പവിത്രേശ്വരത്ത് നാട്ടുകാർ മാലയിട്ട് സ്വീകരിക്കുന്നു.

∙ എൻഡിഎ 

കുന്നത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജി പ്രസാദ് ഇന്നലെ പവിത്രേശ്വരം, മൈനാഗപ്പള്ളി പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. ഇന്നു കിഴക്കേ കല്ലട മൂന്നുമുക്ക് പള്ളിക്കവിളയിൽ പര്യടനം തുടങ്ങും. മൺറോത്തുരുത്തിൽ സമാപിക്കും. ബൂത്ത്, മണ്ഡലം തലത്തിൽ മൂന്നാംഘട്ട പ്രചാരണം തുടങ്ങി. കൺവൻഷനുകളും സജീവമാണ്. പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പം തിരക്കിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com