ADVERTISEMENT

ശാസ്താംകോട്ട ∙ പിണറായി വിജയന്റെ ഇരുമ്പുകോട്ടയിൽ സ്വപ്നയ്ക്കും ശിവശങ്കറിനും മാത്രമാണ് പ്രവേശനമെന്നും ഇതിനാലാണ് കുന്നത്തൂർ എംഎൽഎയെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് പിടിച്ച് വലിച്ചെറിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുന്നത്തൂരിലെ ജനങ്ങളെയാണ് ഇതിലൂടെ മുഖ്യമന്ത്രി അപമാനിച്ചതെന്നും ഉല്ലാസ് കോവൂർ ജയിച്ചാൽ അത്തരം അനുഭവം ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.  കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭരണിക്കാവിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഉല്ലാസ് കോവൂർ, നേതാക്കളായ ശൂരനാട് രാജശേഖരൻ, കെ.സി.രാജൻ, പി. രാജേന്ദ്രപ്രസാദ്, കെ. കൃഷ്ണൻകുട്ടി നായർ, എം.വി.ശശികുമാരൻ നായർ, തോപ്പിൽ ജമാലുദ്ദീൻ, ബിജു മൈനാഗപ്പള്ളി, കെ.എസ്.വേണുഗോപാൽ, കല്ലട ഫ്രാൻസിസ്, ദിനേശ് ബാബു, സുഹൈൽ അൻസാരി, ഇടവനശേരി സുരേന്ദ്രൻ, തുണ്ടിൽ നൗഷാദ്, കെ. സുകുമാരൻ നായർ, രവി മൈനാഗപ്പള്ളി, കാഞ്ഞിരവിള അജയകുമാർ, എൻ.എൻ റാവുത്തർ, പ്രകാശ് മൈനാഗപ്പള്ളി എന്നിവർ പ്രസംഗിച്ചു.

കരുനാഗപ്പള്ളി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കൊച്ചാലുംമൂട്ടിൽ നടത്തിയ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു.

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ  അഴിമതിക്കാരുടെ സ്ഥാനം ജയിലിൽ’

കരുനാഗപ്പള്ളി ∙ യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരുടെ സ്ഥാനം ജയിലിലായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കരുനാഗപ്പള്ളി അസംബ്ലി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി യുഡിഎഫ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. താൻ പറഞ്ഞ ഏതെങ്കിലും കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ  ഈ സർക്കാരിനു കഴിഞ്ഞിട്ടുണ്ടോ.

ഭരണ മാറ്റം കേരളത്തിൽ ഉണ്ടാകുന്നുവെന്ന് കണ്ട് അത്  അട്ടിമറിക്കാൻ വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ചേർക്കുന്നത് ഉൾപ്പെടെയുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.  വോട്ടർപട്ടികയിലെ വ്യാജൻമാർ ഇത്തവണ വോട്ട് ചെയ്യില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.സി.രാജൻ, കാർത്തിക് ശശി, ,കെ.എസ്.പുരം സുധീർ, പ്രസേനൻ, ഇർഷാദ് ബഷീർ എന്നിവർ പ്രസംഗിച്ചു. തൊടിയൂർ രാമചന്ദ്രൻ കെ.ജി.രവി, ആർ.രാജശേഖരൻ, മിനമ്പത്ത് വഹാബ്, കെ,രെ,സുനിൽകുമാർ, എൻ.അജയകുമാർ, നീലികുളം സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com