ADVERTISEMENT

കുണ്ടറ

ജില്ല കണ്ട ഏറ്റവും വലിയ അട്ടിമറിയാണു കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നേരിട്ടത്. ഇതേച്ചൊല്ലി പാർട്ടിയിൽ ഇനി വിവാദങ്ങൾ ഏറെ ഉയരും. സംസ്ഥാനത്താകെ ഇടതുതരംഗം ആഞ്ഞടിച്ചെങ്കിലും ഇവിടെ വിജയം കൈവിട്ടതു വലിയ ചർച്ചയാകും. അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടതും കശുവണ്ടി മേഖലയിലെ പ്രതിസന്ധിയും മണ്ഡലമാകെ ചർച്ചയായി.

 വിജയിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നു പുറത്തേക്കു വരുന്ന ഇരവിപുരത്തെ എൽഡിഎഫ് സ്ഥാനാർഥി എം.നൗഷാദ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
വിജയിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നു പുറത്തേക്കു വരുന്ന ഇരവിപുരത്തെ എൽഡിഎഫ് സ്ഥാനാർഥി എം.നൗഷാദ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

ആറാം തവണയും ജനവിധി തേടിയ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇതു മൂന്നാമത്തെ തോൽവി.കുണ്ടറയിൽ അപ്രതീക്ഷിത സ്ഥാനാർഥിയായെത്തി മണ്ഡലത്തിന്റെ മനസ്സു പിടിച്ചെടുത്ത കെപിസിസി വൈസ് പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥിന്റെ വിജയം ജില്ലയിൽ കോൺഗ്രസിന് അൽപമെങ്കിലും ഉണർവായി. 2001 നു ശേഷം ആദ്യമായാണ് ഇവിടെ കോൺഗ്രസിനു ജയം. യുവ സ്ഥാനാർഥി എന്ന ഇമേജും വിഷ്ണുനാഥിനു തുണയായി.

കുന്നത്തൂർ

  കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ബാലഗോപാലിന്റെ വിജയം  സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ പ്രവർത്തകർ ലഡ‍‍ു നൽകി ആഘോഷിക്കുന്നു.
കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ബാലഗോപാലിന്റെ വിജയം സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ പ്രവർത്തകർ ലഡ‍‍ു നൽകി ആഘോഷിക്കുന്നു.

ബന്ധുക്കളുടെ പോരാട്ടം കൊണ്ടു ശ്രദ്ധേയമായ കുന്നത്തൂരിൽ തുടർച്ചയായ അഞ്ചാം തവണയും കോവൂർ കുഞ്ഞുമോൻ വിജയം കൊയ്തു മണ്ഡലത്തിന്റെ ഇടതു പാരമ്പര്യം കാത്തു. പരമ്പരാഗതമായി ഇടതുകോട്ടയായ ഇവിടെ ആർഎസ്പി സ്ഥാനാർഥിയായി വിജയം തുടങ്ങിയ കുഞ്ഞുമോൻ, ആർഎസ്പി മുന്നണി വിട്ടപ്പോൾ കൂടെപ്പോയെങ്കിലും വൈകാതെ തിരികെ വന്ന് ഒപ്പം നിന്നു. അതിന്റെ ബലത്തിൽ ഇക്കുറിയും സീറ്റു കിട്ടി, 2016 ഭൂരിപക്ഷം ആവർത്തിക്കാനായില്ലെങ്കിലും വിജയിക്കാനായി.കുഞ്ഞുമോനെതിരെ അതിശക്തമായ മത്സരം കാഴ്ചവയ്ക്കാനായെന്ന് ആർഎസ്പി യുടെ ഉല്ലാസ് കോവൂരിന് അഭിമാനിക്കാമെങ്കിലും തുടർച്ചയായ രണ്ടാമത്തെ പരാജയം ആഘാതമായി. ആർഎസ്പി യുടെ സംഘടനാ സംവിധാനത്തിലെ ദൗർബല്യങ്ങളും ‘ആളും അർഥവും’ ഇറക്കാൻ കഴിയാത്തതിലെ പ്രശ്നങ്ങളും ഉല്ലാസിനു തിരിച്ചടിയായി.

പുനലൂർ

 ചടയമംഗലം മണ്ഡലത്തിൽ നിന്നു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി ജെ. ചിഞ്ചുറാണി പ്രവർത്തകർക്കൊപ്പം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെ വോട്ടെണ്ണൽ  കേന്ദ്രത്തിൽ.
ചടയമംഗലം മണ്ഡലത്തിൽ നിന്നു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി ജെ. ചിഞ്ചുറാണി പ്രവർത്തകർക്കൊപ്പം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ.

തൂക്കുപാലത്തിന്റെ നാട്ടിൽ സിപിഐയ്ക്ക് പതിനാലാം വിജയം. ഇടവേളയ്ക്കു ശേഷം മത്സരരംഗത്തിറങ്ങിയ സിപിഐയിലെ പി.എസ് സുപാലിന് പുനലൂരിലെ ജയം അഭിമാന പോരാട്ടമായിരുന്നു. പാർട്ടിയിലെ വിഭാഗീയതയുടെ അലയൊലികൾ അടങ്ങാതെ നിന്നെങ്കിലും തിരഞ്ഞെടുപ്പു ചിത്രത്തിൽ അതൊന്നും പ്രസക്തമായില്ലെന്നാണ് ആദ്യസൂചനകൾ. മണ്ഡലത്തിന്റെ ചരിത്രത്തിൽ 3 തവണ മാത്രമാണു വിജയം മറ്റേതെങ്കിലും പാർട്ടിക്കു പോയിട്ടുള്ളത്. 1996 മുതൽ തുടർച്ചയായി സിപിഐ വിജയിക്കുന്ന ഇവിടെ നേരത്തെ 2 തവണ സുപാൽ വിജയിച്ചിട്ടുണ്ട്- 1996 ലും 2001 ലും. 3 തവണ മണ്ഡലത്തിൽ നിന്നു ജയിച്ച പി.കെ ശ്രീനിവാസന്റെ മകനാണു സുപാൽ. അബ്ദുറഹിമാൻ രണ്ടത്താണിയെ രംഗത്തിറക്കി ശക്തമായ മത്സരത്തിനു യുഡിഎഫ് തയാറായെങ്കിലും എൽഡിഎഫ് കോട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല. 

ചാത്തന്നൂർ

 തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞു പത്തനാപുരത്തെ വീട്ടിൽ ഭാര്യ ബിന്ദു മേനോനു മധുരം നൽകുന്ന എൽഡിഎഫ് സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാർ.
തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞു പത്തനാപുരത്തെ വീട്ടിൽ ഭാര്യ ബിന്ദു മേനോനു മധുരം നൽകുന്ന എൽഡിഎഫ് സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാർ.

മിക്കവാറും സിപിഐയും ഇടയ്ക്കു കോൺഗ്രസും ജയിക്കുന്ന ഈ മണ്ഡലം സിപിഐ യുടെ ശക്തികേന്ദ്രം കൂടിയാണ്. തുടർച്ചയായ മൂന്നാംതവണയും ജി.എസ് ജയലാൽ വിജയം നേടിയപ്പോൾ അത് എൽഡിഎഫ് ശക്തിയുടെ വിജയവുമായി. 2 തവണ മത്സരിച്ചവർ മത്സരിക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചപ്പോഴും ജയലാലിന് ഇളവു നൽകിയതു മണ്ഡലം നിലനിർത്താൻ പ്രാപ്തൻ എന്നു കണ്ടിട്ടാണ്. ജയലാൽ ആ പ്രതീക്ഷ നിറവേറ്റുകയും ചെയ്തു.കഴിഞ്ഞ മൂന്നാംതവണ സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു നാണക്കേട് ഏറ്റുവാങ്ങിയ കോൺഗ്രസിന് ഇക്കുറി രണ്ടാം സ്ഥാനത്തെത്തിയെന്ന് ആശ്വസിക്കാം. മുൻ എംപി എൻ. പീതാംബരക്കുറുപ്പിനെ രംഗത്തിറക്കിയപ്പോൾ ഒന്നുകിൽ വിജയം, അല്ലെങ്കിൽ രണ്ടാം സ്ഥാനം എന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. ബിജെപി മൂന്നാം സ്ഥാനത്തേക്കു പോയത് അവർക്കു വലിയ തിരിച്ചടിയായി.

കരുനാഗപ്പള്ളി

ജില്ലയിൽ കോൺഗ്രസിന്റെ അഭിമാനമണ്ഡലമായി മാറി കരുനാഗപ്പള്ളി. 2016 ൽ നിസ്സാര വോട്ടുകൾക്കു തോറ്റ കെപിസിസി സെക്രട്ടറി സി.ആർ മഹേഷ് ഇക്കുറി കോൺഗ്രസ് സ്ഥാനാർഥികളിൽ സംസ്ഥാനത്തെ മികച്ച വോട്ടിനു ജയം നേടി മധുര പ്രതികാരം വീട്ടി. കഴിഞ്ഞ തോറ്റെങ്കിലും 5 വർഷവും മണ്ഡലം നിറഞ്ഞുനിന്ന ചെറുപ്പക്കാരനെ ഇക്കുറി മണ്ഡലം മനസ്സു നിറഞ്ഞ് അനുഗ്രഹിച്ചു. 2 പതിറ്റാണ്ടിനു ശേഷം ജില്ലയിൽ കൈപ്പത്തിയുടെ വിജയം സാധ്യമാക്കിയതിൽ മഹേഷിന് അഭിമാനിക്കാം. പാർട്ടി കെട്ടുറപ്പോടെ തിരഞ്ഞെടുപ്പിനെ നേരിട്ടു.സിപിഐ ജില്ലയിൽ ഇക്കുറി ഏറ്റവും ഭയപ്പെട്ട മണ്ഡലമായിരുന്നു ഇത്. എങ്കിലും എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തിന്റെ മികവിൽ വിജയം സാധ്യമാക്കാമെന്ന കണക്കാണു തെറ്റിയത്. എൽഡിഎഫിന്റെ പല ശക്തികേന്ദ്രങ്ങളും ഇക്കുറി അവരെ കൈവിട്ടു. 

ചടയമംഗലം

സ്ഥാനാർഥിത്വത്തെച്ചൊല്ലി നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയ ചടയമംഗലം ഇടതുകോട്ട എന്ന ചരിത്രം കാത്തു. മറിച്ചായിരുന്നെങ്കിൽ, സിപിഐയിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയരുമായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ സിറ്റിങ് എംഎൽഎ മുല്ലക്കര രത്നാകരന്റെ നാട്ടിൽ വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടിക്കും എൽഡിഎഫിനും കണക്കുകൂട്ടാനാവുമായിരുന്നില്ല. പൊതുതരംഗത്തിന്റെ ഭാഗമായി ചടയമംഗലം ഇക്കുറിയും നിലയുറപ്പിച്ചു.കോൺഗ്രസിന്റെ യുവനേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.എം നസീർ ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞില്ല. പാർട്ടി സംഘടനാ സംവിധാനത്തിന്റെ ദൗർബല്യങ്ങളും പ്രകടമായിരുന്നു. എതിർഘടകങ്ങളെ അതിജീവിക്കാൻ കഴിയാതെ കോൺഗ്രസ് ഒരിക്കൽക്കൂടി പരാജയത്തിനു വഴങ്ങി.

ഇരവിപുരം

വിജയം ആവർത്തിക്കുമെന്ന് സിപിഎം ആദ്യം മുതൽ പറഞ്ഞ മണ്ഡലമാണ് ഇരവിപുരം. സിപിഎമ്മിൽ അങ്ങിങ്ങ് ഉടലെടുത്ത ചില്ലറ പ്രശ്നങ്ങളൊന്നും ഇവിടെ എം. നൗഷാദിന്റെ വിജയത്തെ ബാധിച്ചില്ല. തീരദേശ മേഖലയിൽ നടന്ന അതിശക്തമായ പ്രചാരണത്തെ അതിജീവിക്കാനും കഴിഞ്ഞു.ഇടതു തരംഗത്തിനൊപ്പം, ആർഎസ്പിയുടെയും കോൺഗ്രസിന്റെയും സംഘടനാ സംവിധാനത്തിലെ ദൗർബല്യങ്ങളും ബാബു ദിവാകരന്റെ പരാജയത്തിനു വഴിവച്ചു. ആറാംതവണയും മത്സരിക്കുന്നുവെന്ന പ്രചാരണവും ബാബു ദിവാകരന് എതിരായി എന്നു വേണം കണക്കാക്കാൻ. മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആർഎസ്പിയുടെ ആരോപണങ്ങൾ ഉയരാം.

കൊട്ടാരക്കര

പ്രചാരണത്തിന്റെ ആദ്യനാളുകൾ മുതൽ മുന്നിലായിരുന്ന സിപിഎമ്മിനെ പക്ഷേ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ ഞെട്ടിച്ചുവെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ ബാലഗോപാലിനു വിജയം നേടാനായി. കഴിഞ്ഞ 2 തവണയും പാർട്ടിയിലെ പി. അയിഷ പോറ്റി നേടിയ ഭൂരിപക്ഷം ആവർത്തിക്കാനാവാത്തതു ക്ഷീണമായി. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ ചെറിയ തോതിലെങ്കിലും ഇവിടെ ബാധിച്ചു. അട്ടിമറി സംഭവിച്ചിരുന്നെങ്കിൽ ജില്ലയിലെ പാർട്ടിയിൽ അതു വലിയ ഒച്ചപ്പാട് സൃഷ്ടിക്കുമായിരുന്നു.കോൺഗ്രസിലെ ആർ. രശ്മി അതിശക്തമായ മത്സരം കാഴ്ചവച്ചുവെന്നു വോട്ടിങ് നില സൂചിപ്പിക്കുന്നു. വെളിയം ഉൾപ്പെടെയുള്ള മേഖലകളിൽ കോൺഗ്രസിലെ ഒരു വിഭാഗം വിമത സ്വരം പുറത്തെടുത്തിരുന്നില്ലെങ്കിൽ മത്സരം കൂടുതൽ കടുപ്പിക്കാനാവുമായിരുന്നു. ശക്തമായ ഇടതുതരംഗത്തിനിടയിലും എതിർ സ്ഥാനാർഥിയുടെ ഭൂരിപക്ഷം പിടിച്ചുനിർത്താനായി എന്നതിൽ രശ്മിക്ക് ആശ്വസിക്കാം.

ചവറ

ജില്ല കണ്ട മറ്റൊരു വലിയ അട്ടിമറി വിജയമാണു ചവറയിൽ മുൻ എംഎൽഎ അന്തരിച്ച എൻ. വിജയൻപിള്ളയുടെ മകൻ വി. സുജിത്തിന്റേത്. കടുത്ത മത്സരമെന്നും വിജയം വിദൂരമെന്നും സിപിഎം കണക്കെഴുതിയെങ്കിലും ഒടുവിൽ നേരിയ വോട്ടുകൾക്കു വിജയം സുജിത്തിനൊപ്പമായി.സാമുദായിക വോട്ടുകൾ നിർണായകമായ നിലയിൽ അവസാന നിമിഷം സുജിത്തിന് അനുകൂലമായി കേന്ദ്രീകരിച്ചു. മാത്രമല്ല, സ്ഥാനാർഥിയെന്ന നിലയിൽ മികച്ച സ്വീകാര്യത തുടക്കത്തിലേ ലഭിക്കുകയും ചെയ്തു.ആർഎസ്പി യുടെ ശക്തികേന്ദ്രത്തിൽ മുൻ മന്ത്രി ഷിബു ബേബിജോണിന്റെ പരാജയം പാർട്ടിക്കും യുഡിഎഫിനും കനത്ത ആഘാതമായി. ആർഎസ്പി യും യുഡിഎഫും വിജയം സുനിശ്ചിതമെന്നു കണക്കെഴുതിയിരുന്ന ഇവിടെ പരാജയം ഒരിക്കലും അവർക്ക് ഉൾക്കൊള്ളാനാവാത്തതായി. തീരദേശ മേഖലയിലെ പ്രശ്നങ്ങളും ആഴക്കടൽ മത്സ്യബന്ധന കരാറുമൊന്നും ഇവിടെ ഏശിയില്ലെന്നു വേണം പറയാൻ.

പത്തനാപുരം

എൽഡിഎഫിൽ സിപിഐയിൽ വിയോജിപ്പിന്റെ ശബ്ദങ്ങൾ ഉയർന്നിരുന്നെങ്കിലും പത്തനാപുരത്തു കെ.ബി ഗണേഷ്കുമാർ തന്നെ വിജയക്കൊടി പാറിച്ചു. 3 തവണ യുഡിഎഫ് ബാനറിലും കഴിഞ്ഞ തവണ എൽഡിഎഫ് ബാനറിലും മത്സരിച്ച ഗണേഷ്കുമാർ ഇക്കുറി വീണ്ടും എൽഡിഎഫ് തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും ഗണേഷ്കുമാറിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കോൺഗ്രസ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയ്ക്കു കഴിഞ്ഞു.അതിശക്തമായ മത്സരം കാഴ്ചവച്ചുവെന്നു ജ്യോതികുമാറിന് ആശ്വസിക്കാം. കോൺഗ്രസിൽ പടലപ്പിണക്കങ്ങൾക്കു പേരുകേട്ട നാട്ടിൽ, കാര്യമായ അപശബ്ദങ്ങളില്ലാതെ പ്രചാരണം നടത്താനായി. പക്ഷേ, ഇടതുതരംഗത്തിനിടയിൽ, സാമുദായിക വോട്ടുകൾ എതിരായി ധ്രുവീകരിച്ചതോടെ യുഡിഎഫിന്റെ സാധ്യത മങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com