ആംഫിബിയൻ വാഹനം, ആർ.ബാലകൃഷ്ണപിള്ള സ്മാരകം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്; കൊല്ലത്തിനു പുതിയ പദ്ധതികൾ
Mail This Article
കൊല്ലം ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കൊല്ലത്തിനു പുതിയ പദ്ധതികൾ. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റിലെ സമഗ്രമായ നിർദേശങ്ങൾ എല്ലാം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ വികസന തന്ത്രത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതു കൊണ്ടാണ് ബജറ്റിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയത്. തോമസ് ഐസക് ജനുവരി 14ന് അവതരിപ്പിച്ച ബജറ്റിൽ കശുവണ്ടി മേഖലയിൽ 2000 പേർക്ക് തൊഴിൽ ഉൾപ്പെടെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.
∙ ആംഫിബിയൻ വാഹനം.
ജലാശയങ്ങളിലും കരയിലും സഞ്ചരിക്കാൻ കഴിയുന്ന ആംഫിബിയൻ വാഹനമാണ് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ആദ്യ ബജറ്റിൽ കൊല്ലത്തിനുള്ള പുതുമയാർന്ന ഇനം. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 3 കേന്ദ്രങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ഇതിൽ രണ്ടു കേന്ദ്രവും കൊല്ലമാണ്. കൊല്ലവും തങ്കശ്ശേരിയുമാണ് ഇവ.
കൊച്ചിയാണു മറ്റൊരു കേന്ദ്രം. 5 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. ടൂറിസം മേഖലയിലെ പുനരുജ്ജീവന പാക്കേജും കൊല്ലത്തിനു പ്രതീക്ഷ നൽകുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കൊല്ലത്ത് ജലവിമാന പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ജലവിമാനത്തിനെതിരെ, വലിയ പ്രതിഷേധം ഉയർന്നതിനാൽ ഉദ്ഘാടനത്തിനു ശേഷം വിമാനം പറത്താൻ കഴിഞ്ഞിരുന്നില്ല.
പ്രതീക്ഷയായി തീരദേശ സംരക്ഷണ പദ്ധതി
തീരദേശ സംരക്ഷണത്തിന് അനുയോജ്യമായ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും കടലാക്രമണം നേരിടുന്ന മേഖലകളിൽ പ്രതീക്ഷ നൽകുന്നു. പ്രകൃതി പ്രതിഭാസങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കി ദീർഘകാല പരിഹാര പദ്ധതിയാണ് ആവിഷ്കരിക്കുക. 5 വർഷം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കു 5300 കോടി രൂപ ചെലവും വരും. ആദ്യ ഘട്ടത്തിൽ 1500 കോടി രൂപ കിഫ്ബി വഴി നൽകും.
ജില്ലയിൽ ആലപ്പാട്, അഴീക്കൽ, ചവറ, നീണ്ടകര, ശക്തികുളങ്ങര, ഇരവിപുരം, താന്നി പരവൂർ മേഖലകൾ രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളാണ്. ടൗട്ടെ, യാസ് ചുഴലിക്കാറ്റിലും ഈ മേഖലകളിൽ വലയ കടലാക്രമണം നേരിട്ടിരുന്നു.
∙ തീരദേശ പാത
ജില്ലയിൽ കൂടി കടന്നു പോകുന്ന തീരദേശ പാതയാണ് മറ്റൊരു നേട്ടം. 645.19 കിലോമീറ്റർ ആണു പാതയുടെ നീളം. മിക്ക സ്ഥലങ്ങളിലും ഡ്രോൺ സർവേ പൂർത്തിയായി. 6500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ വസ്തു ഏറ്റെടുക്കൽ നടപടി ആരംഭിച്ചിട്ടുണ്ട്. തീരദേശ പാതയിൽ 25–30 കിലോമീറ്റർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങളുടെ നിർമാണം ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്. ബിൽഡ്– ഓപ്പറേറ്റ് – ട്രാൻസ്ഫർ രീതിയിലാണ് ഇതിന്റെ പ്രവർത്തനം.
∙ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനു 10 കോടി രൂപ വകയിരുത്തി. കേരളത്തിലെ വിദൂര വിദ്യാഭ്യാസം ഇനി മുതൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കീഴിലാണ്.
ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കുൾപ്പെടെ വിവിധ കോഴ്സുകൾ ഈ വർഷം ആരംഭിക്കും. കഴിഞ്ഞ വർഷം ഒക്ടോബർ 2ന് ഉദ്ഘാടനം ചെയ്ത സർവകലാശാല കാവനാട് കുരീപ്പുഴയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കന്നത്. സ്ഥലം , കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് തുക വകയിരുത്തിയത്.
∙ ആർ.ബാലകൃഷ്ണപിള്ള സ്മാരകം
ആറു പതിറ്റാണ്ടിലേറെ രാഷ്ട്രീയ സാമൂഹിക രംഗങ്ങത്തു നിറഞ്ഞു നിന്ന ആർ. ബാലകൃഷ്ണപിള്ളയ്ക്കു സ്മാരകം നിർമിക്കാൻ 2 കോടി രൂപ വകയിരുത്തി. കൊട്ടാരക്കരയിലാണു സ്മാരകം നിർമിക്കുന്നത്. കെ.ആർ. ഗൗരിയമ്മയ്ക്കും 2 കോടി രൂപ ചെലവിൽ സ്മാരകം നിർമിക്കും.
ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്
ജൈവവൈവിധ്യ മേഖലയെ ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ട് ആണ് ജില്ലയ്ക്കു ലഭിച്ച മറ്റൊരു പദ്ധതി. അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറ മരുതിമല, ജഡായു പാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് നടപ്പാക്കുന്നത്.
സമാന രീതിയിൽ, സാഹിത്യ നായകൻമാരുമായി ബന്ധമുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി മലബാറിൽ മലബാർ ലിറ്റററി സർക്യൂട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റംസാർ സൈറ്റിൽ ഉൾപ്പെട്ട അഷ്ടമുടിക്കായൽ വിദേശികളെ ഉൾപ്പെടെ ആകർഷിക്കുന്ന വിശാലമായ കായൽപ്പരപ്പാണ്. കണ്ടൽക്കാട് നിറഞ്ഞ അഷ്ടമുടിക്കായൽ തീരം കേരളത്തിലെ പ്രധാന ജൈവ വൈവിധ്യ മേഖലയാണ്.
മാംസഭോജികളായ സസ്യങ്ങൾ വരെ കായൽ തീരത്തുണ്ട്. അഷ്ടമുടിക്കായലുമായി ബന്ധപ്പെട്ടതാണ് മൺറോതുരുത്ത്. കൊട്ടാരക്കര പുലമൺ തോടിന്റെ ഭാഗമായ മീൻപിടിപ്പാറയിൽ 2 കോടി രൂപയുടെ വികസനം പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ട വികസന പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. വെളിയം. വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമല എക്കോ ടൂറിസം മേഖലയാണ്. ഒന്നാം ഘട്ട വികസന പ്രവർത്തനം പൂർത്തിയായി.
ഏറ്റവും വലിയ പക്ഷി ശിൽപവുമായി ലോക ടൂറിസം രംഗത്ത് ഇടം പിടിച്ച സ്ഥലമാണു ചടയമംഗലം ജഡായുപാറ. എക്കോ ടൂറിസം വനമേഖലയാണ് തെന്മലയും അച്ചൻകോവിലും.