മനസ്സിൽ മരണമില്ലാതെ ബാനർജി; അനുശോചന പ്രവാഹം നിലയ്ക്കുന്നില്ല...
Mail This Article
ശാസ്താംകോട്ട ∙ നാടൻപാട്ട് കലാകാരനും കാരിക്കേച്ചറിസ്റ്റുമായ പി.എസ്.ബാനർജിയുടെ മനക്കര മനയിൽ വീട്ടിലേക്ക് ജനപ്രതിനിധികളും കലാകാരന്മാരും കലാ ആസ്വാദകരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അനുശോചന പ്രവാഹം നിലയ്ക്കുന്നില്ല. ജനപ്രിയ കലാകാരൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് മന്ത്രിമാരും സാംസ്കാരിക നായകരും കലാകാരന്മാരും എത്തി.
മന്ത്രിമാരായ സജി ചെറിയാൻ, കെ. രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ എന്നിവർ ഉൾപ്പെടെയുള്ളവർ വീട്ടിൽ കുടുംബാംഗങ്ങളുമായി ബാനർജിയുടെ ഓർമകൾ പങ്കുവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡനന്തര ചികിത്സയിലിരിക്കെ 6നു പുലർച്ചെ 4നാണ് ബാനർജി മരിച്ചത്. മികച്ച കാരിക്കേച്ചറിസ്റ്റുമായ ബാനർജിയുടെ വരകൾ ദേശീയതലത്തിലും ഏറെ ശ്രദ്ധ നേടിയിരുന്നു.
കാർട്ടൂൺ അക്കാദമി അംഗമായിരുന്നു. 2014ൽ ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭ പുരസ്കാരവും നേടി. ശാസ്താംകോട്ട കനൽ പാട്ടുകൂട്ടത്തിന്റെ ഭാഗമായി വിദേശത്ത് ഉൾപ്പെടെ ആയിരക്കണക്കിനു വേദികളിൽ നാടൻപാട്ടിന്റെ തരംഗങ്ങൾ സൃഷ്ടിച്ച ബാനർജി 'താരകപ്പെണ്ണാളെ.., കൊച്ചിക്കാരത്തി കൊച്ചുപെണ്ണേ.., കൊച്ചോലക്കിളിയേ..' അടക്കം ഏറെ ശ്രദ്ധ നേടിയ ഒട്ടേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരനും കാരിക്കേച്ചറിസ്റ്റുമായ പി.എസ്.ബാനർജി അനുസ്മരണ സമ്മേളനം 'ഓർമയിൽ എന്നും കനലായി ബാനർജി' എന്ന പേരിൽ ഓൺലൈനായി നടത്തി.
ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ബഹുമുഖ പ്രതിഭയായിരുന്ന ബാനർജിയുടെ വിയോഗം നാടൻപാട്ട്, ചിത്രകല, ഗ്രാഫിക് ഡിസൈനിങ്, കാരിക്കേച്ചർ എന്നിവ ഉൾപ്പെടെയുള്ള മേഖലകൾക്ക് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആർ. അജയൻ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ മത്തായി സുനിൽ, സെക്രട്ടറി എസ്. ശശികുമാർ, ബി. ബിനീഷ്, മനു.വി.കുറുപ്പ് എന്നിവർ പ്രസംഗിച്ചു.