കൊലപ്പെടുത്തിയത് വിവരം പൊലീസിൽ അറിയിച്ച ആൾ; 1500 രൂപയുടെ തർക്കം അവസാനിച്ചത് കത്തികുത്തിൽ..
Mail This Article
കുണ്ടറ ∙ കേരളപുരത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന സുനിൽകുമാറിനെ കൊലപ്പെടുത്തിയത് വിവരം പൊലീസിൽ അറിയിച്ച ആൾ തന്നെയെന്നു പൊലീസ്. സുനിൽകുമാറിന്റെ സുഹൃത്തും അയൽവാസിയുമായ മുണ്ടയ്ക്കൽ ഈസ്റ്റ് ചെമ്പകശേരിയിൽ സാംസണെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: തിങ്കളാഴ്ച സന്ധ്യയോടെ മദ്യ ലഹരിയിലായിരുന്ന സാംസണിന്റെ പോക്കറ്റിലുണ്ടായിരുന്ന 1500 രൂപ സുനിൽകുമാർ എടുത്തു. മദ്യ ലഹരിയിലായതിനാൽ പണം നഷ്ടപ്പെടുമെന്നും രാവിലെ തിരിച്ചേൽപിക്കാമെന്നും പറഞ്ഞാണ് പണം എടുത്തത്. രാത്രി ഒൻപതോടെ സുനിലിന്റെ വീട്ടിലെത്തിയ സാംസൺ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും കലഹിക്കുകയും സുനിൽകുമാർ കത്തിയുമായെത്തി സാംസണെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കത്തി പിടിച്ചു വാങ്ങാനുള്ള പിടിവലിക്കിടെ സുനിലിന്റെ വയറ്റിൽ കുത്തേറ്റു. സുനിൽ കുമാർ തിരിച്ച് ആക്രമിക്കുമെന്ന് ഭയന്ന് സാംസൺ കത്തി പിടിച്ചു വാങ്ങി സുനിലിന്റെ കഴുത്തിലും കുത്തി. സുനിൽ വീണതോടെ സാംസൺ വീട്ടിലെത്തി മുണ്ടിൽ പുരണ്ട ചോരക്കറ കഴുകിക്കളഞ്ഞ ശേഷം കൈലിയുടുത്ത് സുനിലിന്റെ വീടിനു സമീപമെത്തി നാട്ടുകാരെ വിളിച്ചു കൂട്ടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
ആദ്യം മുതൽ തന്നെ സാംസണിന്റെ പെരുമാറ്റത്തിൽ പൊലിസിനു സംശയമുണ്ടായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ സാംസണെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ സാംസൺ കേരളപുരത്ത് വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. കൂലിപ്പണിക്കാരനാണ്.
പൊലീസ് പ്രതിയെ കൊലപാതകം നടത്തിയ സ്ഥലത്ത് എത്തിച്ചു തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാർ, കുണ്ടറ എസ്എച്ച്ഒ മഞ്ജുലാൽ, എസ്ഐമാരായ ബാബുകുറുപ്പ്, ഡോൺസ്റ്റൺ, ഹരീഷ്, സ്പെഷൽ ബ്രാഞ്ച് എസ്ഐ എസ്.സുഗുണൻ, എസ്എസ്ബി എസ്ഐ സതീഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.