നഗരം ഇരുട്ടിൽ; രാത്രിയാത്ര ദുരിതം
Mail This Article
പത്തനാപുരം∙ തെരുവു വിളക്കുകൾ പ്രകാശിക്കുന്നില്ല, നഗരം ഇരുട്ടിൽ. കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ദുരിതത്തിൽ. സെൻട്രൽ ജംക്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒഴികെ മറ്റൊരു തെരുവു വിളക്കും പ്രകാശിക്കാത്തതിനാൽ നഗരം ഇരുട്ടിലായിട്ട് മാസങ്ങളായി. പള്ളിമുക്ക് മുതൽ കല്ലുംകടവ് വരെയും കുന്നിക്കോട് റോഡിൽ മഞ്ചള്ളൂർ വരെയുമുള്ള വിളക്കുകളാണ് കത്താത്തത്. പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം നടക്കുന്നതിനാൽ ഇരുട്ടിൽ തപ്പി യാത്ര ചെയ്യുന്ന വാഹന യാത്രക്കാരും വഴിയാത്രക്കാരും അപകടത്തിൽപ്പെടുക പതിവാണ്.
തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. നേരത്തെയുണ്ടായിരുന്ന തെരുവുവിളക്കുകൾ മാറ്റി, എംഎൽഎ ഫണ്ടിൽ നിന്നും വാങ്ങിയ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതോടെയാണ് ദുരിതം തുടങ്ങുന്നത്. ഇവയ്ക്ക് ആവശ്യത്തിനു പ്രകാശം ഇല്ലെന്നു മാത്രമല്ല തകരാറിലായവ നന്നാക്കുന്നതിനു നടപടിയുമില്ല. ഇതോടെ നഗരത്തിലെ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിൽ നിന്ന് പഞ്ചായത്ത് പിന്മാറുകയും ചെയ്തു.
പ്രതിഷേധം കനത്തതോടെ ചില സ്ഥലങ്ങളിൽ മാത്രം വിളക്ക് സ്ഥാപിച്ച് അധികൃതർ ഉൾവലിയുകയാണ്. റോഡ് നവീകരണം പൂർത്തിയാകുമ്പോൾ ഇതിനൊപ്പം തെരുവു വിളക്കും സ്ഥാപിക്കുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. റോഡ് നവീകരണത്തിനായി കലുങ്കും, പാലങ്ങളും ഓടയും സ്ഥാപിക്കാൻ കുഴിയെടുത്ത സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു.