ADVERTISEMENT

മലയിടുക്കിൽ കുടുങ്ങിയ ബാബുവിനു വേണ്ടി കേരളം മുഴുവൻ കൈകോർത്തപ്പോൾ സമൂഹമാധ്യമത്തിൽ ചിലരെങ്കിലും പ്രതികരിച്ചതിങ്ങനെ. ‘അവന് വീട്ടിലിരുന്നാൽ പോരായിരുന്നോ?’  നിയമവിരുദ്ധമാകരുത് യാത്രയെന്ന് ഓർമിപ്പിക്കുമ്പോഴും യാത്രകൾ പലർക്കും പലതരത്തിൽ അനുഭവമാകുന്നുവെന്നതല്ലേ സത്യം. ചിലർക്ക് അത് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ കാണാൻ,  മറ്റൊരു കൂട്ടർക്ക്  പ്രകൃതിയെയും മനുഷ്യനെയും അറിയാൻ, ചിലർക്ക് മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് അയവു നേടാൻ... യാത്രകൾ അങ്ങനെ നമ്മെ പലതും പഠിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. ചുറ്റുമുള്ള ലോകം കാട്ടിത്തരുന്നു. കാഴ്ചപ്പാടുകൾ  വിശാലമാക്കുന്നു.  പുത്തനുണർവും പ്രത്യേക  ഊർജവും നൽകുന്നു. 

ബാബുവിന്റെ മലകയറ്റം ചർച്ചയായപ്പോൾ, കാടും മലയും കയറിയുള്ള യാത്രകളെ സ്നേഹിക്കുന്ന ഒരു കൂട്ടം സ്ത്രീകളുമുണ്ട് നമുക്കിടയിൽ. കാടും മലയും കയറിയുള്ള യാത്ര എങ്ങനെയാണ് ഒരു സ്ത്രീയുടെ ജീവിതത്തെയാകെ മാറ്റുന്നതെന്നും അവളെ  കൂടുതൽ മികച്ച മറ്റൊരാളാക്കുന്നെന്നും അഭിഭാഷകയും ട്രാവൽ വ്ലോഗറുമായ പട്ടത്താനം ദർശനാ നഗർ അമ്പാടി 107 ‘ബി’യിൽ ദീപി അശോക് പറയുന്നു. ‘ ഐ ലവ് ട്രാവൽ’ എന്നതിൽ നിന്ന് ‘ഐ ഡു ട്രാവലി’ലേക്കുള്ള മാറ്റമായിരുന്നു കഴിഞ്ഞ മൂന്നു വർഷം. ആദ്യമൊക്കെ ഭർത്താവിനൊപ്പം കൊച്ചു കൊച്ചു യാത്രകൾ ചെയ്തു തുടങ്ങി.

പിന്നീട് ജോലി സംബന്ധമായി അദ്ദേഹത്തിന് തിരക്കേറിയപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട സ്ത്രീകളുടെ ട്രാവൽ ഗ്രൂപ്പായ ‘അപ്പൂപ്പൻതാടി’ക്കൊപ്പമായി യാത്രകൾ. അപ്പൂപ്പൻതാടിപോലെ  പാറിപ്പറന്ന് കാടുകളും പുൽമേടുകളും താണ്ടാൻ തുടങ്ങി.മുൻപരിചയമില്ലാത്ത പല പ്രായക്കാരായ സ്ത്രീകളാണ് യാത്രാ ഗ്രൂപ്പിലുള്ളത്. ഒറ്റദിന യാത്രകൾ മുതൽ ആഴ്ചകൾ നീളുന്നവ വരെയുണ്ട്. യാത്ര ആസൂത്രണം ചെയ്യുമ്പോഴേ വാട്‌സാപ് ഗ്രൂപ്പ്  ഉണ്ടാക്കി പരസ്പരം പരിചയപ്പെടും. 

ദീപി അശോക് പറയുന്നു: ചിതറാൽ എന്ന ഗ്രാമത്തിലുള്ള ജൈന ക്ഷേത്രത്തിലേക്കാണ് ഞാൻ ആദ്യമായി അപ്പൂപ്പൻതാടിക്കൊപ്പം പോയത്. പിന്നീട് പേപ്പാറ വന്യജീവി സങ്കേതത്തിനു കീഴിൽ വരുന്ന വാഴ്‌വന്തോൾ വെള്ളച്ചാട്ടത്തിലേക്ക്  ട്രക്കിങ് പോയി. ചാത്തൻകോട് നിന്ന് വനത്തിലൂടെ തോടയാറിന്റെ അരികിലൂടെ മൂന്നു തട്ടുകളിലായി ഒഴുകി വീഴുന്ന വെള്ളച്ചാട്ടം കാണാനുള്ള ആ യാത്ര കാടുമായി പ്രണയത്തിലാക്കി. പിന്നീടങ്ങോട്ട് മീശപ്പുലിമല, ചൊക്രമുടി, ഉളുപ്പുണി, ഇല്ലിക്കൽ കല്ല്, പാലക്കാട് ധോണി വെള്ളച്ചാട്ടം, കണ്ണൂർ പൈതൽ മല തുടങ്ങി കാടും മലയും കടന്നുള്ള പെൺയാത്രകൾ....ആറു മലകൾ കയറി മീശപ്പുലിമലയുടെ താഴ്‌വാരത്ത്  എത്തിയപ്പോൾ കണ്ട കാട്ടുപൂവരശ് ഇതുവരെ മനസ്സിൽ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്ന് ദീപി പറയുന്നു. ഉയരങ്ങളിൽ മാത്രം വളരുന്ന അവളെക്കാണാൻ നമ്മൾ അവിടേക്കു തന്നെ കയറിച്ചെല്ലണം. കോവിഡ് നിയന്ത്രണങ്ങൾ വരുന്നതിനു മുൻപു വരെ സമയമെടുത്തുള്ള യാത്രകൾ വളരെ സജീവമായിരുന്നു. ഇപ്പോൾ സ്വദേശമായ കൊല്ലത്തെക്കുറിച്ച് കൂടുതൽ അറിയാൻ രാവിലെയോ വൈകിട്ടോ ഉള്ള സൈക്കിൾ യാത്രകൾ പതിവാക്കി. 

കൊല്ലത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങൾ, ചരിത്രസ്മാരകങ്ങൾ ഒക്കെ കേന്ദ്രീകരിച്ച് ചിത്രങ്ങൾ പകർത്തി ചെറുകുറിപ്പുകൾ തയാറാക്കി സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളെ അറിയിക്കുന്നു. ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥനായ അശോകൻ കമലാസനൻ, മകൾ റിതിക അശോക് എന്നിവരാണ് ദീപിയുടെ യാത്രകളുടെ പിന്തുണയും ഊർജവും. അപകടരഹിത യാത്രകൾക്കായി ദീപിക്ക് രണ്ട് നിർദേശങ്ങളുണ്ട്– റെസ്പോൺസിബിൾ ട്രാവലിങ് ശീലമാക്കുക, പോകാൻ അനുവാദവുമില്ലാത്ത  സ്ഥലങ്ങൾ ഒഴിവാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com