സിഗരറ്റ് വാങ്ങാൻ 500ന്റെ കള്ളനോട്ട്; പിടികൂടി പരിശോധിച്ചു, ഒരു വശം പകർപ്പ് എടുത്ത 61 നോട്ടുകളും കിട്ടി
Mail This Article
ചാത്തന്നൂർ∙ കള്ളനോട്ട് മാറുന്നതിനിടെ യുവാവിനെ പിടികൂടി. 500 രൂപയുടെ 3 കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളും പിടിച്ചെടുത്തു. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടിൽ സുനിയാണ് (39) പിടിയിലായത്. കഴിഞ്ഞ ദിവസം മീനാട് ക്ഷേത്രത്തിനു സമീപത്തെ കടകളിൽ അഞ്ഞൂറിന്റെ നോട്ടുകൾ മാറുമ്പോഴാണ് സുനി പിടിയിലായത്.
സ്കൂട്ടറിൽ മീനാട് പാലത്തിനു സമീപം ഒരു കടയിൽ എത്തി ഒരു കവർ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടു നൽകി. ബാക്കി തുക വാങ്ങി സമീപത്തെ മറ്റൊരു കടയിൽ ചെറിയ തുകയ്ക്കു സാധനം വാങ്ങി കള്ളനോട്ട് നൽകി കബളിപ്പിച്ചു. ഇതിനിടെ ആദ്യ കട ഉടമ നോട്ടു പരിശോധിച്ചപ്പോൾ കള്ളനോട്ടാണെന്നു സംശയം തോന്നി ചാത്തന്നൂർ പൊലീസിനോടും പരിസരവാസികളോടും വിവരം അറിയിച്ചു. ഇതിനിടെ മീനാട് ക്ഷേത്രത്തിനു സമീപത്തെ കടയിൽ നിന്നു സാധനം വാങ്ങാനുള്ള ശ്രമത്തിലായിരുന്നു സുനി. പൊലീസും ആളുകളും എത്തുന്നത് കണ്ട് കയ്യിലിരുന്ന നോട്ട് വലിച്ചെറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.
സുനിയുടെ ബാഗിൽ നിന്ന് 500 രൂപയുടെ ഓരോ വശം മാത്രം ഫോട്ടോസ്റ്റാറ്റ് എടുത്ത നോട്ടുകളും കണ്ടെത്തി. പ്രത്യേക പേപ്പറിൽ നോട്ടിന്റെ ഓരോ വശങ്ങളും പ്രത്യേകം പ്രത്യേകം ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം ഇരു വശങ്ങളും ഒട്ടിച്ചെടുക്കുകയാണ് രീതി.
സംഘത്തിൽ വേറെയും ആൾക്കാർ ഉണ്ടെന്ന് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ പറഞ്ഞു. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെക്കുറിച്ചു സൂചന ലഭിച്ചു. സുനിയുടെ താമസ സ്ഥലം, താന്നിയിൽ കച്ചവടം നടത്തുന്ന സ്ഥലം എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.