കൊല്ലം–പുനലൂർ പാത വൈദ്യുതീകരണം സുരക്ഷാപരിശോധന ഇന്ന്
Mail This Article
പുനലൂർ ∙ കൊല്ലം–പുനലൂർ റെയിൽപാതയിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട അടിയന്തര ജോലികൾ പൂർത്തിയായി. വൈദ്യുതി ചാർജ് ചെയ്തു ട്രയൽ റൺ നടപടികളുമായി. ബെംഗളൂരുവിൽനിന്ന് എത്തിയ ദക്ഷിണമേഖല ചീഫ് സുരക്ഷാ കമ്മിഷണർ അഭയ്കുമാർ ഭായ് ഇന്നു സുരക്ഷാപരിശോധന നടത്തും. ഇൻസ്പെക്‌ഷൻ കാറുകൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി. സുരക്ഷാ കമ്മിഷണർ ചൂണ്ടിക്കാട്ടുന്ന അപാകതകളും സുരക്ഷാ സംവിധാനങ്ങളുടെ നിർമാണവും പൂർത്തിയായ ശേഷമേ ട്രെയിൻ സർവീസ് ആരംഭിക്കുകയുള്ളൂ.
പെരിനാട് സബ്സ്റ്റേഷനിൽ നിന്നു വൈദ്യുതി ലഭ്യമാക്കി 25000 വോൾട്ട് പ്രവഹിപ്പിച്ചാണു ചാർജ് ചെയ്തത്. ഇന്നു രാവിലെ കൊല്ലത്തുനിന്ന് 8.30ന് ആരംഭിക്കുന്ന പരിശോധന 12നു പുനലൂരിലെത്തിയും തുടരും. വേഗപരിശോധന നടത്തി കൊല്ലത്തേക്കു തിരികെപ്പോകും. 70 കിലോമീറ്റർ വേഗതയിലാണ് എൻജിൻ ഓടിക്കുന്നത്. കൊല്ലം - പുനലൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണം റെക്കോർഡ് വേഗതയിലാണു റെയിൽവേ പൂർത്തീകരിച്ചത്.
8 മാസം കൊണ്ട് 45 കിലോമീറ്റർ പാതയാണ് വൈദ്യുതീകരിക്കപ്പെട്ടത്. പുനലൂരിലെ കെഎസ്ഇബി സബ് സ്റ്റേഷനിൽ നിന്നു റെയിൽവേ സബ് സ്റ്റേഷനിലേക്കു ഭൂഗർഭ കേബിളുകൾ വഴി വൈദ്യുതി എത്തിക്കാൻ നൽകിയ എസ്റ്റിമേറ്റിന് ഇതുവരെ കെഎസ്ഇബിയുടെ അംഗീകാരം ലഭ്യമായിട്ടില്ല. സുരക്ഷാ പരിശോധന പൂർത്തിയാക്കിയാലും ഇലക്ട്രിക് എൻജിനുകൾ ഉപയോഗിച്ചു ട്രെയിനുകൾ സർവീസ് നടത്താൻ ഇനിയും കാലതാമസം വന്നേക്കാം.