17 മീറ്റർ നീളം, 60 പേർക്ക് ഇരിക്കാം; ‘നീളൻ കെഎസ്ആർടിസി’ വെസ്റ്റിബുൾ സർവീസ് തുടങ്ങി
Mail This Article
കൊല്ലം∙ കെഎസ്ആർടിസിയുടെ ‘നീളൻ’ ബസ് വെസ്റ്റിബുൾ കൊല്ലത്ത് സർവീസ് ആരംഭിച്ചു. കുണ്ടറ–ചവറ റൂട്ടിൽ ചെയിൻ സർവീസായി ആണ് വെസ്റ്റിബുൾ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചത്. 17 മീറ്റർ നീളത്തിൽ രണ്ട് ബസുകൾ ചേർത്ത് വച്ച രീതിയിലാണ് ബസ് നിർമിച്ചിരിക്കുന്നത്. 60 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. കൂടുതൽ യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യുവാനും ബസിൽ സൗകര്യം ഉണ്ട്.
നഗര–പ്രാദേശിക റൂട്ടുകളിൽ ചെയിൻ സർവീസുകളായി ഉപയോഗിക്കാനാണ് കെഎസ്ആർടിസി വെസ്റ്റിബുൾ ബസുകൾ നിരത്തിലിറക്കിയത്. നിലവിൽ ഇത്തരത്തിലുള്ള ഒരു ബസ് മാത്രമാണ് കെഎസ്ആർടിസിയിൽ ഉള്ളത്. ആദ്യം പേരൂർക്കട ഡിപ്പോയിലും പിന്നീട് വിതുരയിലും സർവീസ് നടത്തിയതിന് ശേഷമാണ് ബസ് കൊല്ലത്ത് സർവീസിനായി എത്തിച്ചത്.
സ്വകാര്യ ബസ് പണിമുടക്ക് ആയതിനാൽ 2 ദിവസം നല്ല തിരക്കാണ് ബസിൽ അനുഭവപ്പെട്ടത്. കൊല്ലം നഗരത്തിൽ നിന്ന് ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് കുണ്ടറ, ചവറ റൂട്ടുകളിലാണ്. സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ ഈ റൂട്ടുകളിൽ രൂക്ഷമായ ഗതാഗത പ്രശ്നമാണ് അനുഭവപ്പെട്ടത്. അതിനാൽ വെസ്റ്റിബുൾ സർവീസിന് നല്ല സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചത്.
സ്വകാര്യ ബസ് സമരം പിൻവലിച്ചതിനാൽ പൊതുപണിമുടക്ക് ദിവസങ്ങൾക്ക് ശേഷം മാത്രമേ റൂട്ടിൽ ലാഭകരമായി സർവീസ് നടത്താനാകുമോ എന്ന് അറിയിനാകു. കൂടുതൽ വെസ്റ്റിബുൾ ബസുകൾ വാങ്ങാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി. സംസ്ഥാനത്തെ വിവിധ റൂട്ടുകളിൽ സർവീസിന്റെ സ്വീകാര്യത അറിയുവാൻ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി ആണ് ബസ് കൊല്ലം ഡിപ്പോയിൽ സർവീസ് നടത്തുന്നതെന്നും സൂചനയുണ്ട്.
വെസ്റ്റിബുൾ സർവീസുകളിലൂടെ കെഎസ്ആർടിസിക്ക് ഇന്ധന ലാഭവും കൂടുതൽ യാത്രക്കാരെ കയറ്റുന്നതിലൂടെ വരുമാന വർധനവും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. രാവിലെ 7.10ന് കൊല്ലം ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കും. ചവറ–ചിന്നക്കട–കുണ്ടറ റൂട്ടിലാണ് ബസ് ചെയിൻ സർവീസ് നടത്തുന്നത്.