ADVERTISEMENT

ചവറ∙ ഉത്സവത്തിന് മുന്നോടിയായി പനയ്ക്കറ്റോടിലമ്മയുടെ താലപ്പൊലി ദർശിച്ചു ഭക്തർ പുണ്യം നേടി. ദേവി ദുർഗയുടെ പ്രതിരൂപമായ കന്യാവിനെയും ജിവതയായ കലമാൻ കൊമ്പിനെയും വായ്ക്കുരവയും നിറപറയും നിലവിളക്കും കാണിക്കയുമായി തെക്കുംഭാഗത്തെ നാലു കരകളും സ്വീകരിച്ചാനയിച്ചു. ചൊവ്വ രാവിലെ പാണന്റെ വീക്കുചെണ്ടയുടെ അകമ്പടിയിൽ മൂത്താലിൽ കുടുംബാംഗം ദേവിയുടെ വടിയേന്തി നാലു കരകളിലും സഞ്ചരിച്ച് ഉത്സവമറിയിച്ചു. തുടർന്ന് പാണൻ തെങ്ങഴത്ത് വീട്ടിൽ നിന്ന് കരിമീൻകറി സഹിതം ഊണു കഴിച്ചശേഷം തെങ്ങഴത്തുകാരുടെ വക സ്വർണ്ണക്കുമിള ക്ഷേത്രത്തിൽ സമർപ്പിച്ചു. വൈകിട്ട് മൂന്നിനു താലപ്പൊലി എഴുന്നള്ളത്തിനുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ ആരംഭിച്ചു.

 ദേവീചൈതന്യം കലമാൻകൊമ്പിൽ ആവാഹിച്ച് മേൽശാന്തി ഓമനക്കുട്ടൻ നമ്പൂതിരി ഒരു വശത്ത് ‘കന്യാവ്’ മഞ്ജിമശങ്കറിന്റെ കരം പിടിച്ച് എഴുന്നള്ളത്ത് പുറപ്പെട്ടു. തെക്കുംഭാഗം, നടുവത്തുചേരി, വടക്കുംഭാഗം, മാലിഭാഗം, കരകളിലൂടെ ദേശരക്ഷാർഥം നടത്തിയ ദേവിയുടെ ഊരുചുറ്റലിനെ അനുസ്മരിക്കുന്ന എഴുന്നള്ളത്തിനു ഭക്തിനിർഭരമായ വരവേൽപായിരുന്നു. പൊന്നോടിൽ, അഴകത്ത്, കുളങ്ങരവെളി ദേവിപീഠം, പള്ളത്താഴത്ത് ചാവടി എന്നീ വിശ്രമസങ്കേതങ്ങളിലടക്കം വിദൂരങ്ങളിൽ നിന്നെത്തിയ ഭക്തരും ഉത്സവ പ്രേമികളും കന്യാവിനെ ദർശിച്ചു. ഇന്നലെ പുലർച്ചെ പാവുമ്പ ദേവിപീഠത്തിൽ എത്തിയ താലപ്പൊലി എഴുന്നള്ളത്തിനെ പാവുമ്പ ദേവീക്ഷേത്രത്തിൽ നിന്നെത്തിയ കന്യാവും (അരുന്ധതി എസ്.പിള്ള ) ഭക്തജനങ്ങളും സ്വീകരിച്ചു. 

വിശ്രമശേഷം മാലിഭാഗം കിഴക്കു കൂടി സഞ്ചരിച്ച് പനയ്ക്കറ്റോടിൽ ക്ഷേത്രത്തിലേക്ക് താലപ്പൊലി എഴുന്നള്ളത്ത് യാത്രയായി. രാവിലെ 5ന് ക്ഷേത്രത്തിലെത്തി നട തുറന്ന് പൂജകൾ ആരംഭിച്ചു. ക്ഷേത്രോത്സവത്തിനു ഇന്നലെ രാത്രി തന്ത്രി നീലകണ്‌ഠര് ഭട്ടതിരി കൊടിയേറ്റി. ഉത്സവം 12ന് സമാപിക്കും. കീഴ് ശാന്തി പ്രവീൺ പോറ്റി, ഉപദേശക സമിതി പ്രസിഡന്റ് കെ.പ്രഭാകരൻ പിള്ള. വൈസ് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി എസ്.സന്തോഷ് കുമാർ, കര ദേവസ്വം പ്രസിഡന്റ് കെ.കെ.രാജൻ പിള്ള, സെക്രട്ടറി എ.ഗുരുപ്രസാദ് തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com