സ്കൂൾ വിപണി സജീവം; ബുക്ക് മുതൽ ബാഗ് വരെ വില കുതിക്കുന്നു
Mail This Article
കൊല്ലം ∙ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ വിപണികൾ സജീവമായി. നോട്ട്ബുക്ക്, ബാഗ്, കുട, യൂണിഫോം അങ്ങനെ സ്കൂൾ തുറക്കുമ്പോൾ ആവശ്യമായതെല്ലാം വാങ്ങാനായി രണ്ട് വർഷത്തിന് ശേഷമുള്ള നെട്ടോട്ടം ആഘോഷമാക്കുകയാണ് രക്ഷിതാക്കളും കുട്ടികളും. വൈകുന്നേരത്തോടെ സ്കൂൾ വിപണിയിലേക്ക് രക്ഷിതാക്കളും കുട്ടികളും ഒന്നിച്ച് എത്തുന്നതോടെ തിരക്ക് വർധിക്കും. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഈ കാഴ്ച വിപണിക്ക് ഉണർവു നൽകുന്നതാണെന്ന് വ്യാപാരികൾ പറയുന്നു. മഴ നേരത്തെ തുടങ്ങിയതോടെ കുട വിപണിയിലാണ് ആദ്യം തിരക്കേറിയത്. വിവിധ നിറത്തിലുള്ളതും ചിത്രങ്ങൾ വരച്ചതുമായ കുടകളോടാണ് കുട്ടികൾക്ക് കൂടുതൽ പ്രിയം. ചെറിയ കാലൻ കുടക്കും ഇഷ്ടക്കാർ ഏറെയുണ്ട്.
എല്ലാ മേഖലകളിലും ഉണ്ടായ വിലവർധന സ്കൂൾ വിപണിയിലും ദൃശ്യമാണ്. ബുക്കിനും ബാഗിനും പേനയ്ക്കുമെല്ലാം വില വർധന ഉണ്ടായിട്ടുണ്ട്. പേപ്പറിന് വിപണിയിൽ വില വർധിച്ചതിനാൽ ബുക്കുകളുടെ വില 5 മുതൽ 7 രൂപ വരെ വർധിച്ചിട്ടുണ്ട്. പേപ്പറിന്റെ ലഭ്യത കുറവായതിനാൽ വിപണിയിൽ ബുക്കുകളുടെ കുറവും പ്രകടമാണ്. വരും ദിവസങ്ങളിൽ നോട്ട്ബുക്ക് ക്ഷാമം കൂടുമെന്ന ആശങ്ക എന്ന് ചില കച്ചവടക്കാർ പങ്കുവയ്ക്കുന്നു.
40 രൂപ ആയിരുന്ന നൂറു പേപ്പർ അടങ്ങിയ കവറിന് അൻപത് രൂപയായി വർധിച്ചു. ബുക്ക് പൊതിയുന്ന പേപ്പറിന്റെ വില 60 രൂപയിൽ നിന്നു 90 രൂപയായും എ ഫോർ സൈസ് പേപ്പറിന്റെ വില 230ൽ നിന്നു 260 രൂപയായും വർധിച്ചു. യൂണിഫോം തുണിത്തരങ്ങൾക്കും മീറ്ററിന് 20 മുതൽ 40 രൂപ വരെ വർധിച്ചിട്ടുണ്ട്. പേനകൾക്കും വില വർധന ഉണ്ടായിട്ടുണ്ട്. 5 രൂപയുടെ പേനയ്ക്ക് 8 രൂപ വരെ വില വർധിച്ചു. പേനകളുടെ ജിഎസ്ടി 12 ൽ നിന്നു 18 ആക്കിയതാണ് വില വർധനയ്ക്ക് ഉടയാക്കിയത്. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ ബാഗുകൾക്കും വിലവർധനയുണ്ട്.