50 കോടിയുടെ ബജറ്റ് പ്രഖ്യാപനം കടലാസിൽ ഒതുങ്ങി; ഇനി ഇതു കൂടിയേ ബാക്കിയുള്ളൂ...
Mail This Article
കൊല്ലം ∙ 50 കോടിയുടെ ബജറ്റ് പ്രഖ്യാപനം കടലാസിൽ ഒതുങ്ങി. യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണി ഉയർത്തി കെഎസ്ആർടിസി ഡിപ്പോ മന്ദിരം തകർച്ചയുടെ വക്കിൽ. മൂന്നു വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന കന്റീൻ മന്ദിരവും ഏതു നിമിഷവും നിലം പതിക്കുന്ന അവസ്ഥയിലാണ്. അതേ സമയം ഡിപ്പോയുടെ സ്ഥലം പാട്ടത്തിനു നൽകാൻ അണിയറയിൽ നീക്കം നടക്കുന്നതായി ആരോപണം ഉയരുന്നു. മന്ദിരത്തിന്റെ ഭിത്തികൾ വിണ്ടു കീറി. മേൽത്തട്ടിൽ നിന്നു കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്.
ബസ് കാത്തുനിന്ന യാത്രക്കാരന് അടുത്തിടെ കോൺക്രീറ്റ് പാളി വീണു പരുക്കേറ്റിരുന്നു. പൂമുഖം മുഖം മുതൽ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. കെഎസ്ആർടിസി ജംക്‌ഷൻ മുതൽ ഓലയിൽ കടവു വരെയുള്ള ലിങ്ക് റോഡിന്റെ നിർമാണത്തിനായ പൈലിങ് നടത്തിയപ്പോൾ ഡിപ്പോ ഓഫിസ് മന്ദിരം കുലുങ്ങുമായിരുന്നു. മൂന്നു വർഷമായി കന്റീൻ അടച്ചിട്ടിരിക്കുകയാണ്. കന്റീൻ പ്രവർത്തനം നിലച്ചതോടെ കെട്ടിടം തമിഴ്നാട്ടിൽ നിന്നുള്ള ബസ് ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് വിട്ടു നൽകിയിരുന്നു.
തകർച്ച ഭീഷണി നേരിടുന്നതിനാൽ അവിടെ കഴിയാനാകില്ലെന്ന് അവർ അറിയിച്ചു. കൊല്ലം ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിൽ ഇവർക്ക് പിന്നീട് സ്ഥലം നൽകിയെങ്കിലും അവിടെ കഴിയാൻ താൽപര്യമില്ലെന്ന നിലപാടിലാണ്. ഡിപ്പോയിലെ കടമുറികളിൽ പകുതിയോളം അടച്ചിട്ടിരിക്കുകയാണ്. കെഎസ്ആർടിസിക്കു ലഭിക്കുമായിരുന്ന അധിക വരുമാനമാണ് ഈ ഇനത്തിൽ നഷ്ടമാകുന്നത്. കടമുറികൾക്ക് ഉയർന്ന വാടകയാണ് ഈടാക്കുന്നതു കാരണം വാടകയ്ക്ക് എടുക്കാൻ ആളുകൾ തയാറാകുന്നില്ല.
കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന കടകൾക്ക് വാടക ഇളവ് നൽകാത്തതിനാൽ വൻ കുടിശിക ആയവരും കച്ചവടം തുടരാനാകാത്ത അവസ്ഥയിലാണ്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കൊല്ലം ഡിപ്പോ വികസനത്തിനു 50 കോടി രൂപ അനുവദിച്ചിരുന്നു. ഡിപ്പോ കെട്ടിടം തകർന്നു വീഴാറായിട്ടും വികസന പ്രവർത്തനത്തിനുള്ള നടപടി തുടങ്ങിയിട്ടില്ല. സ്ഥലം പാട്ടത്തിനു നൽകാൻ കെഎസ്ആർടിസിയിലെ ഉന്നതർ നീക്കം നടത്തുന്നതായി ജീവനക്കാർ ആരോപണം ഉയർത്തുന്നു. ഇതിന്റെ ഭാഗമായാണ് ഡിപ്പോ വികസനം നടപ്പാക്കാത്തതെന്ന് പറയുന്നു.