കിരൺകുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി
Mail This Article
കൊല്ലം∙ സ്ത്രീധന പീഡനത്തെ തുടർന്നു ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ 10 വർഷം തടവു ശിക്ഷയ്ക്ക് വിധിച്ച ഭർത്താവ് കിരൺകുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. ശിക്ഷ വിധിച്ച ശേഷം വൈദ്യ പരിശോധന നടത്തി കിരൺകുമാറിനെ ചൊവ്വാഴ്ച വൈകിട്ട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഇന്നലെ രാവിലെ 9ന് സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയത്.
സെൻട്രൽ ജയിലിൽ 11 മണിയോടെ എത്തിച്ച കിരണിനെ എട്ടാം ബ്ലോക്കിലെ അഞ്ചാം സെല്ലിൽ ഒറ്റയ്ക്കാണ് പാർപ്പിച്ചിരിക്കുന്നത്. കേസിൽ റിമാൻഡിൽ ആയിരിക്കെ കിരൺ നാലു മാസത്തോളം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയ ഉത്തരവ് ഉൾപ്പെടെ ലഭിച്ചത് പൂജപ്പുരയിൽ കഴിയുമ്പോഴാണ്. വിചാരണ സമയത്താണ് കൊല്ലം ജയിലിലേക്ക് മാറ്റിയത്. മാർച്ചിൽ സുപ്രീം കോടതിയിൽ നിന്നു ജാമ്യം ലഭിക്കുന്നതു വരെ കൊല്ലം ജില്ലാ ജയിലിൽ ആയിരുന്നു.
കിരൺകുമാർ കുറ്റക്കാരൻ ആണെന്ന് ഒന്നാം അഡീഷനൽ സെഷൻ കോടതി ഉത്തരവായതിനെ തിങ്കൾ വൈകിട്ടു വീണ്ടും ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു. ജില്ലാ ജയിലിൽ പുതിയ തടവുകാരെ പാർപ്പിക്കുന്ന ക്വാറന്റീൻ ബ്ലോക്കിൽ ആയിരുന്നു കിരൺകുമാർ . താഴത്തെ നിലയിൽ ജി– 1 സെല്ലിൽ മറ്റു 3 തടവുകാരോടൊപ്പം ആണ് കിരൺകുമാറിനെ പാർപ്പിച്ചത്. തടവു വിധിച്ച ശേഷവും കിരണിനെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതും ഇതേ സെല്ലിലായിരുന്നു.