പലായനത്തിനു കാത്തിരിക്കുന്ന കുടുംബങ്ങൾ; മുറ്റത്തിറങ്ങിയാൽ കാലിൽ നീറ്റൽ, ശ്വാസം മുട്ടൽ, ത്വക് രോഗം: ആസിഡ് ഗ്രാമം
Mail This Article
പേടിപ്പിക്കുന്ന ഓറഞ്ച് നിറമാണെങ്ങും. മണ്ണിനും വയലിനും ഓടയ്ക്കും വീടുകൾക്കു ചുറ്റും കെട്ടി നിൽക്കുന്ന വെള്ളത്തിനും ഓറഞ്ച് നിറം. ആസിഡിന്റെ നീറ്റൽ കൊണ്ട് ഉള്ളും പുറവും കലങ്ങിയ നാടിനെ അവർ ആസിഡ് ഗ്രാമം എന്നു വിളിക്കുന്നു. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്ന കാസർകോടിന്റെ തെക്കൻ കേരളത്തിലെ മുഖമായി മാറുമെന്ന ഭീതിയിൽ കഴിയുന്ന ഗ്രാമം. അതാണു പന്മന പഞ്ചായത്തിലെ ചിറ്റൂരും പരിസരവും.
പലായനത്തിനു കാത്തിരിക്കുന്ന ഏഴുനൂറോളം കുടുംബങ്ങൾ ഇവിടെയുണ്ട്. കിടപ്പാടം ഏറ്റെടുക്കുന്നതിനെതിരെ ആത്മഹത്യാഭീഷണി ഉൾപ്പെടെയുള്ള സമരം നടക്കുന്ന നാട്ടിൽ, മണ്ണും സ്വപ്നങ്ങളും ഉപേക്ഷിച്ചു മുഴുവൻ ജനങ്ങളും നാടുവിടാമെന്നു സർക്കാരിനു സമ്മതപത്രം നൽകി വർഷങ്ങളായി കാത്തിരിക്കുകയാണ് ഇവർ. ‘ഈ മണ്ണ് ഏറ്റെടുക്കൂ, ഞങ്ങൾ പോകാൻ തയാറാണ്’ എന്ന് അവർ എത്രയോ കാലമായി അലറിക്കരഞ്ഞു പറയുന്നു. ആരു കേൾക്കാൻ! ഇടയ്ക്കിടെ ചില പ്രഖ്യാപനങ്ങളും ഉത്തരവുകളും നേതാക്കളുടെ വരവും ഉണ്ടാകും. അതുകൊണ്ടു മാറുന്നതല്ല ഈ പാവങ്ങളുടെ ദുരിതജീവിതം.
മതിൽക്കെട്ട് തുരന്നു വന്ന ദുരിതം
രണ്ടര പതിറ്റാണ്ടു മുൻപു വരെ ഏതൊരു നാട്ടിൻപുറവും പോലെ പച്ചപിടിച്ചു നിന്ന ഗ്രാമമായിരുന്നു ചിറ്റൂർ. ഇരിപ്പൂ കൃഷി ചെയ്യുന്ന നിലങ്ങൾ. ഇടവിളയായി എള്ളു വിളയും. താങ്ങു കൊടുത്തു നിർത്തേണ്ടത്ര കായ്ഫലമുള്ള തെങ്ങുകൾ. പുരയിടം നിറയെ കൃഷി. കോഴിയും താറാവും നാൽക്കാലികളും വീടിനു വരുമാനം ആയിരുന്ന കാലം. പെട്ടെന്നാണ് നാടിന്റെ നിറവും ഗന്ധവും മാറി തുടങ്ങിയത്. കിണർ ജലത്തിനും വയലിനും തോടിനും മണ്ണിനും ഓറഞ്ചു നിറം. മുറ്റത്തിറങ്ങിയാൽ കാലിൽ നീറ്റൽ. ശ്വാസം മുട്ടൽ, ത്വക് രോഗം... ദുരിതങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നുവന്നു കൊണ്ടിരുന്നു.
തൊണ്ണൂറുകളുടെ ആദ്യമായിരുന്നു അത്. കെഎംഎംഎല്ലിന്റെ സംഭരണിയിൽ നിന്നു അയേൺ ഓക്സൈഡ് ചോർന്നു. ഭൂമിക്കടിയിൽ ആയിരുന്നു സംഭരണി. സമീപത്തെ തോട്ടിലും ഓടയിലും കിണറുകളിലും രാസലായനി ഒഴുകിപ്പരന്നു. കിണറുകളുടെ ‘കൂട്ടമരണമാ’യിരുന്നു പിന്നെ. പത്തരമാറ്റ് നെല്ലു വിളഞ്ഞിരുന്ന പാടങ്ങൾ കരിഞ്ഞു. തെങ്ങുകളും മറ്റു വൃക്ഷങ്ങളും കുറ്റിയറ്റു തുടങ്ങി. ചിറ്റൂരിലെ മണ്ണു മരിച്ചെന്ന് അവർ തിരിച്ചറിഞ്ഞു.
മണ്ണിരില്ലാത്ത, കൃഷി ഇല്ലാത്ത, കോഴിയും താറാവും നാൽക്കാലികളും വളരാൻ സൗകര്യമില്ലാത്ത, പുല്ലു കിളിർക്കാത്ത, വേനലിൽ രാസപദാർഥത്തിന്റെ പൊടിക്കാറ്റു വീശുന്ന നരകം പോലെ ഒരു നാട്. ആണവദുരന്തത്തെ തുടർന്ന് ജീവിതം അസാധ്യമായ, ആണവാശിഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ചെർണോബിൽ അതു വരെ പാഠപുസ്തകത്തിലെ ഒരു പേജ് മാത്രമായിരുന്നു ചിറ്റൂരിലെ കുട്ടികൾക്ക്. ഇപ്പോൾ അവരുടെ ഗ്രാമത്തിന്റെ സ്ഥിതിയും അതുതന്നെ.
ആണവമാലിന്യത്തിനു പകരം രാസമാലിന്യമാണ് ചുറ്റിലും എന്നു മാത്രം.മഴക്കാലത്ത് വീടുകളിലേക്ക് ഓറഞ്ചു നിറത്തിലെ രാസലായനി കലർന്ന വെള്ളം കയറുന്ന ഈ നാട്ടിൽ രണ്ടര പതിറ്റാണ്ടായി ഭരണാധികാരികളുടെ കനിവു കാത്ത് എഴുന്നൂറോളം കുടുംബങ്ങൾ കഴിയുന്നു. ആരോഗ്യ വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും മനുഷ്യാവകാശ കമ്മിഷനും വാസയോഗ്യമല്ലെന്നു വിധി എഴുതിയ നാട്ടിലാണ് ഇവർ കഴിയുന്നതെന്ന് ഓർക്കണം. ഉയർന്ന ജനാധിപത്യ ബോധം ഉള്ളതിനാൽ തിരഞ്ഞെടുപ്പു കാലത്ത് വോട്ടുതേടി എത്തുന്നവരെ മാലയിട്ട് ഇവർ സ്വീകരിക്കും. ചുമരെഴുതും. പോസ്റ്റർ ഒട്ടിക്കും. ബൂത്തുകളിൽ പോയി വരി നിന്ന് വോട്ടു ചെയ്യും. തിരഞ്ഞെടുപ്പു ദിവസം മാത്രമേ ഇവർക്ക് മനുഷ്യരുടെ വിലയുള്ളൂ.
വാർത്താവണ്ടി എത്തി നടപടി തുടങ്ങി
മണ്ണും വായുവും ജലവും മലിനമായ ചിറ്റൂരിലേക്ക് ‘മലയാള മനോരമ’യുടെ ‘വാർത്താവണ്ടി’ 2014 ജനുവരിയിൽ എത്തി. വിഷം തീണ്ടിയ ഗ്രാമത്തിന്റെ കഥ അങ്ങനെയാണ് പുറം ലോകം അറിഞ്ഞത്. സമരസമിതി രൂപംകൊണ്ടു. പ്രതിപക്ഷ നേതാവ് ആയിരുന്ന വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ ചിറ്റൂരിൽ എത്തി. സർക്കാർ ഇടപെട്ടു. മലിനമാക്കപ്പെട്ട 150 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉമ്മൻചാണ്ടി സർക്കാർ ഭരണാനുമതി നൽകി. ഇതിന് 125 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി. പിന്നാലെ ഭരണമാറ്റം. പിന്നെ കാത്തിരിപ്പായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ സ്ഥലം സന്ദർശിച്ചു. ചിറ്റൂർ, പൊന്മന, കളരി പന്മന പ്രദേശങ്ങളിലെ 180.34 ഏക്കർ ഭൂമി കിൻഫ്ര മുഖേന ഏറ്റെടുക്കാൻ 2017 നവംബർ 18ന് ഉത്തരവ് ഇറക്കി. സ്ഥലങ്ങളെ വിവിധ കാറ്റഗറികളായി തിരിച്ചു അടിസ്ഥാന വില നിശ്ചയിച്ചു. ജില്ലാതല ഫെയർ കോംപൻസേഷൻ കമ്മിറ്റി രൂപീകരിച്ച് അടിസ്ഥാന വില അംഗീകരിച്ചു. 90 % വീട്ടുകാരും വില്ലേജ് ഓഫിസിൽ എത്തി വസ്തു വിട്ടുനൽകാമെന്നു സമ്മതപത്രം നൽകി. വസ്തു ഏറ്റെടുക്കുന്നതിന് സർവേ നടപടികളും മഹസറും പൂർത്തിയാക്കി. എല്ലാം ശരിയായെന്നു നാട്ടുകാർ കരുതി. പക്ഷേ 2019 ഒക്ടോബർ 19ന് ഏറ്റെടുക്കൽ പൂർണമായി റദ്ദു ചെയ്തു സർക്കാർ ഉത്തരവ് ഇറക്കി. പണം ഇല്ലാത്തതാണ് കാരണം എന്നു പറയുന്നു.
ഏറ്റെടുക്കൽ പകുതിയായി കുറച്ചു
ഭൂമി ഏറ്റെടുക്കൽ കെഎംഎംഎല്ലിന്റെ പടിഞ്ഞാറു ഭാഗം മാത്രമാക്കി ചുരുക്കുന്നതാണ് പിന്നീട് നാട്ടുകാർ കണ്ടത്. ചിറ്റൂർ പ്രദേശത്തെ 76.52 ഏക്കർ സ്ഥലത്തിന്റെ വില പുനർ നിർണയിക്കുന്നതിനു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 നവംബർ 18ന് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ കെഎംഎംഎൽ പ്രതിനിധികൾ, ഭൂമി ഏറ്റെടുക്കൽ തഹസിൽദാർ, ജീവനക്കാർ എന്നിവരുടെ യോഗം 2021 ജനുവരിയിൽ നടന്നു. ഒന്നര വർഷം പിന്നിട്ടു. വിലനിർണയ നടപടികൾ ‘ദ്രുതഗതിയിൽ നടക്കുന്നു’ എന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു ലഭിച്ച മറുപടി.
ചുറ്റും ജലം, കുടിക്കാൻ ഇല്ല
ഏതാനും വർഷം മുൻപാണ് മുൻ പഞ്ചായത്ത് അംഗത്തിന്റെ അമ്മ മരിച്ചത്. സംസ്കാര കർമം നടത്തുന്നതിനു മുൻപ് മൃതദേഹം കുളിപ്പിക്കണം. ഒരുതുള്ളി വെള്ളമില്ല. എല്ലാ വീടുകളിലും കിണർ ഉണ്ടെങ്കിലും രാസലായനി കലർന്ന അതിലെ ജലം ഉപയോഗിക്കാനാകില്ല. കെഎംഎംഎല്ലിൽ വിളിച്ചു. അവർ ജലം എത്തിച്ച ശേഷമാണ് മൃതദേഹം കുളപ്പിക്കാനായത്. ജലനിധി പദ്ധതി പ്രകാരം വീടുകളിൽ കുടിവെള്ള കണക്‌ഷൻ നൽകിയിട്ടുണ്ടെങ്കിലും ദിവസവും കുറച്ചു സമയമാണ് ജലം ലഭിക്കുന്നത്. കെഎംഎംഎൽ ടാങ്കറിൽ ജലം എത്തിച്ചു കൊടുക്കുകയാണ് പതിവ്. ശുചിമുറിയിലേക്കുള്ള ജലത്തിനു പോലും കെഎംഎംഎല്ലിന്റെ ജലവണ്ടി കാത്തിരിക്കേണ്ടി വരുന്നു.
മറന്നവർക്ക് ഓർമക്കത്ത്
തങ്ങളെ മറന്നവരെ ആസിഡ് ഗ്രാമം മറന്നിട്ടില്ല. അവരെ ഇടയ്ക്കിടെ ഓർമപ്പെടുത്തും. മുഖ്യമന്ത്രി, വ്യവസായമന്ത്രി, ധനമന്ത്രി. പ്രതിപക്ഷ നേതാവ്, സ്ഥലം എംഎൽഎ ഡോ. സുജിത്ത് വിജയൻ പിള്ള, സമീപ മണ്ഡലങ്ങളിലെ എംഎൽമാരായ കോവൂർ കുഞ്ഞുമോൻ. സി.ആർ. മഹേഷ്, യു.പ്രതിഭ എന്നിവർക്ക് ആസിഡ് ഗ്രാമം ജനകീയ സമര സമിതി നിവേദനം നൽകി. ഒരു മറുപടി പോലും ലഭിച്ചില്ല. മേയ് ഒന്നിനു ചിറ്റൂറിലെ 550ൽ ഏറെ കുടുംബങ്ങൾ ചേർന്നു സമരം ആംരംഭിക്കാൻ തീരുമാനിച്ചു. ഇതിന്റ ഇടസ്ഥാനത്തിൽ ഓരോ കുടുംബവും മുഖ്യമന്ത്രിക്കു കത്തയച്ചു. മറുപടിക്കും നടപടിക്കും കാത്തിരിക്കുകയാണ് അവർ . അതുണ്ടായില്ലെങ്കിൽ സമരം അല്ലാതെ മറ്റൊരു വഴി ഇവർക്കു മുന്നിൽ ഇല്ല.
വീടിനോടു ചേർന്നു കുടുംബത്തിനു 3 ഏക്കറിലേറെ വയൽ ഉണ്ടായിരുന്നു. ഇരിപ്പൂ കൃഷി നടത്തിയിരുന്ന അവിടെ 25 വർഷമായി കൃഷി ചെയ്യാനാകുന്നില്ല. തെങ്ങുകൾ ഉൾപ്പെടെ കുറ്റിയറ്റു പോകുന്നു. ഭൂമി വിൽക്കാൻ പോലും കഴിയുന്നില്ല. ആരും വാങ്ങുന്നില്ല. മക്കൾക്കു ഭാഗം വച്ചു നൽകാൻ കഴിയാതെ വലയുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അടിയന്തരമായി ഭൂമി ഏറ്റെടുക്കണം. രാധാകൃഷ്ണപിള്ള ചേനങ്കര, നാട്ടുകാരൻ.
വാസയോഗ്യം അല്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡും ആരോഗ്യ വിഭാഗവും മനുഷ്യാവകാശ കമ്മിഷനും റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് ചിറ്റൂർ. കെഎംഎംഎല്ലിനു ഞങ്ങൾ എതിരല്ല. എന്നാൽ ചിറ്റൂർ നിവാസികളെ മോചിപ്പിക്കണം. ഇതിനു രാഷ്ട്രീയ തീരുമാനം ഉണ്ടാകണം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വില നിശ്ചയിച്ചു വസ്തു അടിയന്തരമായി ഏറ്റെടുക്കണം. സി. അനിൽകുമാർ സ്വാതി സമര സമിതി പ്രവർത്തകൻ
മഴക്കാലം ആയാൽ രാസലായനി കലർന്ന ജലം വീടുകളിൽ കയറുകയാണ്. ഏതെങ്കിലും രോഗം പിടിപെടാത്ത ഒരു കുടുംബവും ഇവിടെയില്ല. ഭൂമി അടിയന്തരമായി ഏറ്റെടുക്കണം. പണം ഇല്ലെന്നാണ് സർക്കാർ പറയുന്നത്. പണം നൽകേണ്ടതു ഞങ്ങളല്ല. ജനപ്രതിനിധികൾക്ക് നിവേദനവും മുഖ്യമന്ത്രിക്കു കത്തും അയച്ചും കാത്തിരിക്കുകയാണ്. ഭൂമി അടിയന്തമായി ഏറ്റെടത്തില്ലെങ്കിൽ തുടർ സമരവുമായി മുന്നോട്ടു പോകും. ഡി. ദീപുകുമാർ സമര സമിതി പ്രവർത്തകൻ
ആറുമാസത്തിനിടയിൽ പതിനഞ്ചോളം പേർക്ക് ഇവിടെ അർബുദ രോഗം സ്ഥിരീകരിച്ചു. ചുറ്റുമുള്ള വെള്ളം വറ്റിയാൽ അന്തരീക്ഷത്തിൽ പൊടി നിറയും. വലിയ ശ്വാസം മുട്ടാണ് അപ്പോൾ. ചില ദിവസം രാവിലെ വൃക്ഷങ്ങളുടെ ഇല മുഴുവൻ പൊടിപിടിച്ചു കറുത്തിരിക്കും. ചില ദിവസം വെളുത്ത പൊടിയാണ് ഇലകൾ നിറയെ. മിക്കവർക്കും ത്വക് രോഗം പിടിപെടുന്നു’. ജി.ധനുജ ചിറ്റൂർ നിവാസി
ഫാക്ടറിയുടെ മുന്നിൽ വന്നു ലാഭത്തെക്കുറിച്ചു പ്രസംഗിക്കുന്ന മന്ത്രിമാർ ഫാക്ടറിക്കു പിന്നിൽ ഒരുകൂട്ടം ജനങ്ങൾ ഉണ്ടെന്നു മനസിലാക്കണം. ഇതുവരെ ഫാക്ടറി പൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇനി ആ ആവശ്യത്തിലേക്ക് പോകേണ്ടിവരും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേതാക്കൾ വാഗ്ദാനങ്ങളുമായി വരാറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അതാണ് ഉണ്ടായത്. പിന്നെ അവരെ കാണാറില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ താമസിയാതെ അവർ വീണ്ടും എത്തും. നേതാക്കളുടെ അത്തരം തട്ടിപ്പ് ഇനി വേണ്ട. ബീന ജയൻ ചിറ്റൂർ നിവാസി