എംഡിഎംഎയുമായി യുവാവ് പിടിയിൽ; എത്തിച്ചത് യുപിയിൽ നിന്ന്
Mail This Article
എഴുകോൺ ∙ നിരോധിത രാസലഹരി എംഡിഎംഎയുമായി യുവാവ് പിടിയിൽ. പെരിനാട് പാലക്കടവ് മിഥുൻ ഭവനിൽ മിലൻ എം.ജോർജ് (19) ആണ് എഴുകോൺ എക്സൈസിന്റെ പിടിയിൽ ആയത്. പ്രതിയിൽ നിന്ന് 3.535 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ കുറച്ചു ദിവസങ്ങളായി എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.ആറുമുറിക്കട കേന്ദ്രീകരിച്ച് അസമയത്ത് യുവാക്കൾ തമ്പടിക്കുന്നു എന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടയിൽ കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് മിലൻ നിരീക്ഷണത്തിലായത്. ഉത്തർ പ്രദേശിൽ ഹ്രസ്വകാല കോഴ്സ് പഠിക്കാൻ പോയപ്പോൾ ലഭിച്ച പരിചയത്തിൽ അവിടെ നിന്ന് കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് പ്രതി നൽകിയ മൊഴി. മൊബൈൽ ഫോണും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. വേറെയും കൂട്ടാളികൾ ഉള്ളതായി സംശയിക്കുന്നു എന്നും പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺവിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും എക്സൈസ് സിഐ പി.എ.സഹദുള്ള അറിയിച്ചു.
എഴുകോൺ എക്‌സൈസ് ഇൻസ്‌പെക്ടർ ജി.പോൾസന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ അബ്‌ദുൽ വഹാബ്, പ്രിവന്റീവ് ഓഫിസർമാരായ എൻ.ബിജു, എൻ.സുരേഷ്, സിഇഒമാരായ എവേഴ്സൻ ലാസർ ,ശ്രീജിത്ത്, ശരത് ,സിദ്ധു , വനിത സിഇഒ സൂര്യ, ഡ്രൈവർ നിതിൻ എന്നിവർ പങ്കെടുത്തു.