അറിവിന്റെ അത്ഭുതലോകം തുറന്ന് ശാന്തകുമാർ; വിസ്മയത്തോടെ മാഷിന്റെ മാജിക് കുട്ടികൾ നോക്കിയിരിക്കും
Mail This Article
വിദ്യാർഥികൾക്കു മുന്നിൽ അറിവിന്റെ അത്ഭുതലോകം തുറന്ന് ബി.എസ്.ശാന്തകുമാർ
ഗവ.യുപി സ്കൂൾ ശാസ്ത്ര അധ്യാപകൻ ബി.എസ്.ശാന്തകുമാർ ഒന്നാംതരം മജീഷ്യനാണ്. ഓക്സിജൻ എന്ന് ബോർഡിൽ എഴുതി പഠിപ്പിക്കുന്നതിനു പകരം അദ്ദേഹം ഒരു കഷണം പഞ്ഞിയെടുത്തു കത്തിച്ചു വായിലേക്ക് ഇടും. ആളിക്കത്തുന്ന പഞ്ഞി വായ് അടക്കുന്നതോടെ കെട്ടടങ്ങും. വിസ്മയത്തോടെ മാഷിന്റെ മാജിക് കുട്ടികൾ നോക്കിയിരിക്കും. ഓക്സിജൻ ഇല്ലാതെ വരുമ്പോൾ തീ കെട്ടടങ്ങുമെന്നു കാണിക്കാൻ ഇതിനപ്പുറം എന്തു പാഠ്യരീതിയാണ് ഉള്ളതെന്നാണ് 'വിജ്ഞാന വിസ്മയം' ശാന്തകുമാറിന്റെ ചോദ്യം.
ക്ലാസ് മുറികളിലെ മാജിക് ഹിറ്റായതോടെ ശാന്തകുമാറിന്റെ ക്ലാസുകൾക്കായി സ്കൂളുകൾ മത്സരിച്ചു. കൊട്ടാരക്കര മുട്ടറ ഗവ.എച്ച്എസ്എസിലെ അധ്യാപകൻ ശാന്തകുമാറിന്റെ ക്ലാസുകൾ ഇതോടെ ‘അതിര്’ വിട്ടു. സംസ്ഥാനത്ത് ഉടനീളം 1750 ക്ലാസ് മുറികളിൽ 'വിജ്‍ഞാന വിസ്മയം' എന്ന പേരിൽ ശാന്തകുമാർ ബോധവൽകരണ ക്ലാസ് നടത്തി. 3 വർഷം ബിആർസി പരിശീലകനായിരുന്നു. ശാസ്ത്ര ക്ലബുകൾ ഉദ്ഘാടനം ചെയ്യുന്ന അതിഥിയായി.
മാജിക്ക് ക്ലാസുകൾ
പ്ലാസ്റ്റിക് മാലിന്യങ്ങൾ സമൂഹത്തിന് വിപത്താണ്– പ്ലാസ്റ്റിക് പേപ്പർ കയ്യിലെടുത്ത് ശാന്തകുമാർ കുട്ടികളെ പഠിപ്പിക്കുന്നു. ക്രമേണ പേപ്പറുകൾ തുണ്ടം തുണ്ടമായി മുറിക്കുന്നു. മുറിച്ചു മാറ്റിയ പേപ്പറുകൾ 'പ്ലാസ്റ്റിക്' എന്ന പേരോടു കൂടി ഉള്ളംകൈയിൽ നിന്നും പുനർജനിക്കുന്നു. ശാസ്ത്രസത്യങ്ങളെ വിസ്മയക്കാഴ്ചകളാക്കി ശാന്തതയോടെ അവതരിപ്പിക്കുകയാണ് ശാന്തകുമാർ. ഗ്ലാസിൽ എത്ര വെള്ളം ഒഴിച്ചാലും മാഷ് വിചാരിക്കാതെ നിറഞ്ഞു കവിയില്ല. യു -ആകൃതിയിലുള്ള ട്യൂബ് ഫിറ്റ് ചെയ്ത ഗ്ലാസിലെ വെള്ളത്തിന്റെ രസതന്ത്രം ശാസ്ത്രീയമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കും.
ഒരു ബക്കറ്റ് വെള്ളവും മൺകുടവുമായി അധ്യാപകൻ ക്ലാസിലെത്തുന്നത് എന്തിനെന്ന് കുട്ടികൾ കൗതുകത്തോടെ നോക്കിയിരിക്കും. അക്ഷയഖനിയാണ് ഈ കുടം. എത്ര തവണ കുടം കമിഴ്ത്തിയാലും ജലം തീരില്ല. ജലം അമൂല്യമാണെന്നും നഷ്ടപ്പെടുത്തരുതെന്ന സന്ദേശത്തോടെ ചില ശാസ്ത്രീയ സത്യങ്ങൾ ശാന്തകുമാർ കുട്ടികളെ ബോധ്യപ്പെടുത്തും.
കുട്ടികളെ പഠിപ്പിക്കുവാൻ ചില നുറുങ്ങ് മാജിക് വേലകൾ പഠിച്ചാണ് മാജിക് ലോകത്ത് തുടക്കം. പിന്നീട് പ്രഫഷനലായി മാജിക് പഠിച്ചു. ഇതോടെ കുട്ടികൾക്ക് മുന്നിൽ കൂടുതൽ ഐറ്റങ്ങൾ നിരന്നു.'വിസ്മയം' എന്ന പേരിൽ പൊതുവേദികളിലും അവതരിപ്പിക്കുന്നു. ഒട്ടേറെ മാജിക് പുരസ്കാരങ്ങളും ലഭിച്ചു. മാജിക്കൽ റിയലിസം ചാരിറ്റബിൾ സൊസൈറ്റി എന്ന മജീഷ്യൻസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. ലോക പ്രശസ്ത മജീഷ്യൻ ഹൗഡിനിയുടെ ഫയർ എസ്കേപ് വൈകാതെ പൊതുവേദിയിൽ വൻ ജനാവലിക്കു മുന്നിൽ ചെയ്യാൻ ഒരുങ്ങുകയാണ് ശാന്തകുമാർ.
സ്കൂൾ മേളകളിൽ വിധി കർത്താവായി വരാറുള്ള ശാന്തകുമാർ കുട്ടികൾക്കു മോട്ടിവേഷൻ ക്ലാസ് എടുക്കുന്നതിലും മുൻപന്തിയിലാണ്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്. നെടുമ്പായിക്കുളം എംഎൻ യുപിഎസ് അധ്യാപിക ആശയാണ് ഭാര്യ. മക്കൾ: കാർത്തിക്( മെഡിക്കൽ പിജി വിദ്യാർഥി), ഹൃദിക്ക്( എൻജിനീയറിങ് വിദ്യാർഥി).