തൂക്കുപാലത്തിൽ ത്രിവർണ പതാകയുടെ നിറത്തിൽ ഒരുക്കിയ ദീപാലങ്കാരം; കാണാൻ ജനത്തിരക്ക്, പട്ടണത്തിൽ ഗതാഗത സ്തംഭനം
Mail This Article
പുനലൂർ ∙ പുനലൂർ തൂക്കുപാലത്തിൽ ത്രിവർണ പതാകയുടെ നിറത്തിൽ ഒരുക്കിയ ദീപാലങ്കാരം കാണാൻ ജനത്തിരക്ക്. ഇന്നലെ വൈകിട്ട് പട്ടണത്തിൽ ഗതാഗത സ്തംഭനമുണ്ടായി. കൊല്ലം –തിരുമംഗലം ദേശീയപാതയിലും പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലും മലയോര ഹൈവേയിലും ഒരുപോലെ ഏറെ നേരം ഗതാഗതം നിലച്ചു.
തൂക്കുപാലത്തിന്റെ ഇരു കവാടങ്ങളിലൂടെയും പാലത്തിൽ കയറുന്നതിനും സെൽഫി എടുക്കുന്നതിനും കൂട്ടത്തോടെ വിനോദ സഞ്ചാരികളും തദ്ദേശവാസികളും എത്തിയതാണ് തിരക്ക് കൂട്ടിയത്. സ്വാതന്ത്ര്യത്തിന്റെ 75 –ാം വാർഷികത്തോടനുബന്ധിച്ചാണ് കഴിഞ്ഞദിവസം പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ മൂവർണ വൈദ്യുത ദീപാലങ്കാരങ്ങൾ തീർത്തത്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗത സ്തംഭനം ഒഴിവാക്കിയത്.
സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന്
പുനലൂർ ∙ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് 8ന് താലൂക്ക് ഓഫിസ് അങ്കണത്തിൽ നടത്തും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ്, എൻസിസി, എസ്പിസി തുടങ്ങിയ സേന അംഗങ്ങളുടെ പതാക വന്ദനം നടക്കും. പി.എസ്. സുപാൽ എംഎൽഎ പതാക ഉയർത്തും. തഹസിൽദാർ കെ.എസ്. നസിയ അധ്യക്ഷത വഹിക്കും. പി.എസ്. സുപാൽ എംഎൽഎ സ്വാതന്ത്ര്യദിന സന്ദേശം നൽകും. നഗരസഭ അധ്യക്ഷ നിമ്മി ഏബ്രഹാം സമ്മാനദാനം നിർവഹിക്കും.
കളർ ഫെസ്റ്റിവൽ നടത്തി
കമുകുംചേരി ∙ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കമുകുംചേരി ഗവ.ന്യൂ എൽപിഎസിൽ തിരംഗ കളർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പഞ്ചായത്തംഗം വി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. എസ്.പി.പ്രിജി ലാൽ, എൻ.മനോജ്, എസ്.സജീവ്, ജയകുമാർ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
വിളംബര ജാഥ നടത്തി
കരവാളൂർ ∙ സ്വാതന്ത്ര്യത്തിന്റെ 75-ം വാർഷികം ആസാദി കാ അമൃത് ഉത്സവത്തിന്റെ ഭാഗമായി കരവാളൂർ എഎംഎം എച്ച്എസിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി.അജയൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രഥമാധ്യാപകൻ ജേക്കബ് അറയ്ക്കൽ, സീനിയർ അസിസ്റ്റന്റ് ആൻസി എം.അച്ചൻ കുഞ്ഞ് , സെനു തോമസ്, മാത്യു പി.വർഗീസ്, ചാർലി സി.തരകൻ, ഇ.കെ.ഗിരീഷ്, പിടിഎ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.