അതൊരു അരങ്ങാവും; ഓണാഘോഷങ്ങൾക്ക് കർട്ടൻ ഉയരുമ്പോൾ നാടകവേദികളും സജീവം
Mail This Article
കൊല്ലം∙ അത്തം പിറന്നു.. ഇനി അടുത്ത ബെല്ലോടു കൂടി നാടകം ഉടൻ ആരംഭിക്കുന്നതാണ്. മൂന്ന് വർഷത്തിനു ശേഷം ഓണാഘോഷങ്ങൾക്ക് കർട്ടൻ ഉയരുമ്പോൾ നാടകവേദികളും സജീവമാകുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ഓണാഘോഷങ്ങൾക്ക് അരങ്ങ് ഉണർന്നതോടെ ഉത്സവങ്ങൾ, മറ്റ് സാംസ്കാരിക പരിപാടികൾ തുടങ്ങിയവയുടെ ഭാഗമായി അരങ്ങിലെത്താനുള്ള ഒരുക്കത്തിലാണ് കലാകാരന്മാർ.
ഒരു മാസമായി പരിശീലനം
കോവിഡ് കാലത്ത് നാടകം ഇറക്കാൻ ശ്രമിച്ച് വൻ കടബാധ്യത വന്നതോടെ ഇക്കുറി നാടകം വേണോ എന്ന ആശങ്കയിലായിരുന്നു പല സമിതികളും. പക്ഷേ, ഇങ്ങോട്ട് ആളുകൾ ബുക്കിങ്ങിനായി വിളിച്ചു തുടങ്ങിയതോടെ ഇക്കുറി വേദികൾ തിരിച്ചു പിടിക്കാമെന്ന പ്രത്യാശയായി. ഒരു മാസമായി ഓണക്കാലത്തെ വേദികൾക്ക് വേണ്ടി പരിശീലനത്തിലാണ് സമിതികൾ. അവസാന വട്ട പരിശീലനം കൂടി കഴിഞ്ഞാൽ നാടകങ്ങൾ ഓണക്കാലത്ത് അരങ്ങിലെത്തും. മൂന്ന് വർഷമായി വേദികൾ ഇല്ലാതായതോടെ മറ്റ് ജോലികൾ തേടിപ്പോയ പലരും വേദി തിരിച്ചു വിളിച്ചതോടെ പരിശീലന ക്യാംപിലെത്തി.
വസ്ത്രം മുതൽ സംഗീതം വരെ
നാടകത്തിലെ അഭിനേതാക്കൾക്ക് വസ്ത്രം തയ്ക്കുന്നത് മുതൽ സാങ്കേതിക പ്രവർത്തകർ വരെ ചേരുമ്പോൾ 30 ൽ അധികം പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. ഓണവും ഉത്സവങ്ങളും എല്ലാമായി സീസൺ ഇത്തവണ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ. അതിലും വലുതാണ് നിറഞ്ഞ വേദിക്കു മുൻപിൽ തിരികെയെത്തുന്നതിന്റെ സന്തോഷം. ആഘോഷങ്ങൾക്ക് പഴയ മുഖം പുതിയ ട്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.