ADVERTISEMENT

തെന്മല ∙ ഉടമസ്ഥതയെ സംബന്ധിച്ച തർക്കം നിലനിൽക്കുന്ന ഭൂമിയിലെ കൃഷിവിളകൾ വൈദ്യുതീകരണത്തിന്റെ പേരിൽ റെയിൽവേ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗത്തെ വൈദ്യുതീകരണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഇടമൺ മുതൽ ആര്യങ്കാവ് വരെയാണ് കാർഷികവിളകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ട്രാക്കിൽ നിന്നു 100 മീറ്റർ വരെ ദൂരത്തിലുള്ള റബർ, മാവ്, പ്ലാവ്, തെങ്ങ്, അടയ്ക്കാമരം, കുരുമുളക് കൊടികൾ എന്നിവ വെട്ടി നശിപ്പിക്കുകയാണ്. 

ഒരുതരത്തിലും ട്രാക്കിനെ ബാധിക്കാത്ത വിളകൾ പോലും റെയിൽവേ സ്വന്തം നിലയിൽ നശിപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. നശിപ്പിക്കപ്പെടുന്ന വിളകൾക്ക് നഷ്ടപരിഹാരം നൽകാനും റെയിൽവേ തയാറല്ല. വിളകൾ നശിപ്പിക്കുന്നത് ചോദ്യം ചെയ്താൽ കേസിൽ കുടുക്കുമെന്നു ഭീഷണിയും മുഴക്കുന്നതായി പരാതിയുണ്ട്. റെയിൽവേയുടെ സ്വന്തം ഭൂമിയാണെന്ന പേരിലാണ് വിളകൾ നശിപ്പിക്കലും ഭീഷണിപ്പെടുത്തലും നടത്തുന്നത്. എന്നാൽ ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ച തർക്കം നിലനിൽക്കുന്ന വിവരം റെയിൽവേ മറച്ചുപിടിച്ചിരിക്കുകയാണ്. 

റവന്യു, വനം, റെയിൽവേ എന്നീ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയിട്ടേ ഏതു നടപടിയും സ്വീകരിക്കാവൂ എന്ന് സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിച്ചിരുന്നതാണ്. സംയുക്ത പരിശോധനയ്ക്ക് തുടക്കം കുറിച്ചെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ നിലച്ചു. നൂറുകണക്കിന് കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും ബന്ധപ്പെട്ടവർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. 1970ന് മുൻപ് കുടിയേറി കൃഷി ചെയ്തും താമസിച്ചും വരുന്നവരാണ് ഭൂരിഭാഗവും.

വനംവകുപ്പിനെ തൊടാൻ പേടി

വൈദ്യുതീകരണത്തിനായി കൃഷിവിളകൾ നശിപ്പിക്കുമ്പോഴും ട്രാക്കിന് സമീപത്തു നിൽക്കുന്ന വനംവകുപ്പിന്റെ മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതിയില്ല. റെയിൽവെ അവകാശവാദം ഉന്നയിക്കുന്ന ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. വൈദ്യുതീകരണത്തിനായി മരങ്ങൾ മുറിച്ചു നീക്കുന്നതിനായി വനംവകുപ്പിനോട് അനുമതി ചോദിച്ചെങ്കിലും വ്യാപക മുറിക്കലിന് സമ്മതം നൽകിയിട്ടില്ല. ട്രാക്കിൽ നിന്നു 100 മീറ്റർ അകലെയുള്ള കാർഷിക വിളകൾ നശിപ്പിക്കുന്ന റെയിൽവെ ഉദ്യോഗസ്ഥർക്ക് ട്രാക്കിന്റെ സമീപത്തു നിൽക്കുന്ന വനംവകുപ്പിന്റെ മരങ്ങളിൽ തൊടാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. വിളകൾ നശിപ്പിക്കുന്നതിന് നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടംകുളം - മാടക്കത്തറ വൈദ്യുതീകരണത്തിനായി ഈ സ്ഥലങ്ങളിലെ വിളകൾ നശിപ്പിച്ചപ്പോൾപോലും നഷ്ടപരിഹാരം നൽകിയിരുന്നു. കർഷക സംഘടനകളൊന്നും പ്രതികരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com