കൊല്ലത്തോട് എന്നും അടുപ്പം സൂക്ഷിച്ച നേതാവ്; ജില്ലയുടെ വികസനത്തിനു വലിയ ഇടപെടൽ
Mail This Article
കൊല്ലം ∙ കശുവണ്ടിത്തൊഴിലാളികളുടെ സമരചരിത്രം ഉറങ്ങുന്ന കൊല്ലത്തിന്റെ മണ്ണിനോട് എന്നും അടുപ്പം സൂക്ഷിച്ച രാഷ്ട്രീയ നേതാവിനെയാണു കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായി കോടിയേരി വന്ന അന്നുമുതൽ അദ്ദേഹവുമായി അടുപ്പം സൂക്ഷിക്കുന്നവർ കൊല്ലത്തുണ്ട്. പിബി അംഗമായും പാർട്ടി സെക്രട്ടറിയായും വന്നപ്പോഴും ജില്ലയിലെ പാർട്ടി കമ്മിറ്റികളിൽ ‘കോടിയേരി ടച്ച്’ കണ്ടിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്തു ജില്ലയിൽ കശുവണ്ടിത്തൊഴിലാളികളുടെ ശക്തമായ സമരം അരങ്ങേറിയ സമയം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി സമരം നടക്കുന്നു.
അന്നു പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു കോടിയേരി. പിന്നീട് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വച്ചാണു സംസ്ഥാന സെക്രട്ടറിയാകുന്നത്. സമരവേളയിൽ ജില്ലയിലെത്തിയ കോടിയേരി ഓരോ സമരകേന്ദ്രങ്ങളും സന്ദർശിച്ചത് ഇന്നും ജില്ലയിലെ നേതാക്കൾ ഓർക്കുന്നു. ഒരു കാലത്തു സിപിഎമ്മിൽ വിഭാഗീയതയുടെ ഈറ്റില്ലമായിരുന്നു കൊല്ലം. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ്– ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഇരുവിഭാഗങ്ങൾ നേർക്കുനേർ പോരടിക്കുമ്പോൾ കോടിയേരിയാണ് ഉപരി കമ്മിറ്റിയിൽ നിന്നു പങ്കെടുക്കുന്നതെങ്കിൽ ആ തർക്കം വേഗം പരിഹരിക്കപ്പെടുമായിരുന്നു. ഓരോരുത്തരും പറയുന്നതു കോടിയേരി ശ്രദ്ധാപൂർവം കേൾക്കും.
എല്ലാവരും ചർച്ചയിൽ പങ്കെടുത്തതിനു ശേഷം കോടിയേരി അതിനു മറുപടി പറയും. ഓരോരുത്തരുടെയും, ഓരോ വിഭാഗത്തിന്റെയും താൽപര്യങ്ങൾ മാനിച്ച്, ആരെയും വ്രണപ്പെടുത്താതെ കോടിയേരി മറുപടി പറയും. പാർട്ടി ലൈനിനു വിരുദ്ധമായി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ കർശനമായ താക്കീതും സൗമ്യമായ ഭാഷയിൽ കോടിയേരിയുടെ ഭാഗത്തു നിന്നുണ്ടാകും. ജില്ലയിലെ മിക്ക നേതാക്കളെയും പേരെടുത്തു വിളിക്കാവുന്ന ആത്മബന്ധം കോടിയേരിക്കുണ്ടായിരുന്നു.
പാർട്ടി ഏറ്റെടുത്ത പാലിയേറ്റീവ് കെയർ, ജൈവ പച്ചക്കറിക്കൃഷി, മഴക്കുഴി നിർമാണം, നീർത്തട സംരക്ഷണം തുടങ്ങിയവ കൊല്ലം ജില്ലയിൽ നടപ്പാക്കിയപ്പോൾ അതിന്റെ പുരോഗതി കോടിയേരി കർശനമായി വിലയിരുത്തിയിരുന്നു. പലതും കോടിയേരിയുടെ ആശയങ്ങളായിരുന്നു താനും.ജില്ലയിൽ അദ്ദേഹം അവസാനമായി പങ്കെടുത്തത് 2021 ഡിസംബർ 31നും 2022 ജനുവരി ഒന്നു മുതൽ 3 വരെയും കൊല്ലത്തു നടന്ന സിപിഐ(എം) ജില്ലാ സമ്മേളനത്തിലാണ്.
പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഉദ്‌ഘാടനംചെയ്‌തത് കോടിയേരി ബാലകൃഷ്‌ണനായിരുന്നു. പ്രളയകാലത്തു റാന്നിയിലും ചെങ്ങന്നൂരിലും പത്തനംതിട്ടയിലും രക്ഷാപ്രവർത്തനം നടത്തിയ കൊല്ലത്തെ മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ തങ്കശ്ശേരിയിൽ 2018 ഓഗസ്‌റ്റിൽ നടന്ന മഹാസമ്മേളനത്തിലും അദ്ദേഹമെത്തി. ടൂറിസം മന്ത്രി ആയിരിക്കെ ജില്ലയുടെ വികസനത്തിനു വലിയ ഇടപെടൽ നടത്തി.
അനുശോചിച്ചു
കൊല്ലം ∙ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി അനുശോചിച്ചു. സംഘർഷഭരിതമായ സാഹചര്യത്തിൽ സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസാധാരണമായ സംഘടനാപാടവം പുലർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കക്ഷിരാഷ്ട്രീയത്തിനപ്പുറം സുഹൃദ് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.
കൊല്ലം ∙ ജില്ലയിൽ വിദ്യാർഥി, യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും പാർട്ടി പ്രവർത്തനം ശക്‌തമാക്കുന്നതിനും വലിയ പിന്തുണയാണു കോടിയേരി ബാലകൃഷ്‌ണൻ നൽകിയിട്ടുള്ളതെന്നു സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. കഴിഞ്ഞ തവണ കൊട്ടാരക്കരയിൽ നടന്ന പാർട്ടി ജില്ലാ സമ്മേളനത്തിൽ തുടർച്ചയായി 3 ദിവസവും അദ്ദേഹം പങ്കെടുത്തു. കോടിയേരി അവസാനമായി പങ്കെടുത്ത പാർട്ടി പരിപാടിയും ഇതായിരുന്നു. എല്ലാ സന്ദർഭങ്ങളിലും ഉറച്ച രാഷ്‌ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുകയും എതിരാളികളുടെ വാദങ്ങളെ സരസമായും പുഞ്ചിരിയോടെയും ദുർബലമാക്കാനുമുള്ള അപൂർമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കോടിയേരിയുടെ വേർപാടിൽ ജില്ലയിലെ പാർട്ടിക്കു വേണ്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസ്.സുദേവൻ പറഞ്ഞു.
കൊച്ചി∙ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് , വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ അനുശോചിച്ചു.
കോടിയേരിയുടെ ഓർമകളിൽ പത്മലോചനൻ
കോടിയേരി ബാലകൃഷ്ണനുമായു കൊല്ലത്ത് ആത്മബന്ധം സൂക്ഷിച്ചിരുന്ന നേതാക്കളിൽ പ്രമുഖനായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ. 1994 ൽ കോടിയേരി പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമാകുമ്പോൾ പത്മലോചനൻ സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്നു. അന്നു തുടങ്ങിയതായിരുന്നു ആ ബന്ധം. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ കോടിയേരി മന്ത്രിയായിരിക്കെ കൊല്ലം കോർപറേഷൻ മേയറായിരുന്നു എൻ. പത്മലോചനൻ.
കൊല്ലത്തിന്റെ ടൂറിസം വികസനത്തിന്റെ കാര്യത്തിൽ കൃത്യമായ നിരീക്ഷണം അന്നു കോടിയേരി പങ്കുവച്ച കാര്യം പത്മലോചനൻ ഓർക്കുന്നു. കൊല്ലത്ത് ഏതു പരിപാടിക്കു ക്ഷണിച്ചാലും മന്ത്രിയെന്ന നിലയിൽ ഓടിയെത്തുമായിരുന്നു. മകൾ വർഷയുടെ വിവാഹത്തിനു കോടിയേരി കുടുംബസമേതം എത്തിയതും അദ്ദേഹം ഓർക്കുന്നു.
കോടിയേരിയെ ആശുപത്രിയിൽ സന്ദർശിച്ചശേഷം പല നേതാക്കളും ഫോണിലൂടെ അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് ഇല്ലെന്നു പറഞ്ഞിട്ടും പൂർവാധികം ശക്തനായി കോടിയേരി തിരിച്ചെത്തും എന്ന പൂർണ വിശ്വാസത്തിലായിരുന്നു പത്മലോചനൻ.‘രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും വലിയ സൗഹാർദം സൂക്ഷിച്ചിരുന്ന ആളാണു കോടിയേരി.
ഒരു രാഷ്ട്രീയ പാർട്ടിക്കോ നേതാവിനോ എതിരായി ഒരു വിമർശനം ഉന്നയിക്കുമ്പോൾ പോലും തനിക്കു വ്യക്തമായി ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയുകയുള്ളൂ. അതു പോലെ നിലവാരം താഴ്ന്ന രീതിയിൽ അദ്ദേഹം സംസാരിക്കാറുമില്ലായിരുന്നു’– എൻ.പത്മലോചനൻ പറഞ്ഞു നിർത്തി.