ഒരുക്കമായി, ഓച്ചിറയിൽ കാളകെട്ടുത്സവം നാളെ; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
Mail This Article
ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാളകെട്ടുത്സവം നാളെ. ഓണാട്ടുകരയിൽ കരക്കാർ നിർമിച്ച കൂറ്റൻ കെട്ടുകാളകളെ അലങ്കാരങ്ങളോടെ വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പരബ്രഹ്മ സന്നിധിയിലെത്തിക്കും.കഴിഞ്ഞ രണ്ടു വർഷം കെട്ടുകാഴ്ച ആചാരം മാത്രമായിട്ടായിരുന്നു നടത്തിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ 52 കരകളിൽ നിന്നു ഇരുന്നൂറോളം ചെറുതും വലുതുമായ കെട്ടുകാളകളെ കരക്കാർ അണിനിരത്തും. കൈവെള്ളയിൽ എഴുന്നള്ളിക്കുന്നതു മുതൽ ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളകൾ വരെ അണിനിരക്കും. ഇക്കുറി 4 ഗ്രേഡുകളായി തിരിച്ചാണു കെട്ടുകാളകൾക്ക് ക്ഷേത്ര ഭരണസമിതി ഗ്രാൻഡ് വിതരണം ചെയ്യുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.
നാളെ പുലർച്ചെ മുതൽ വിശ്വ പ്രജാപതി കാലഭൈരവൻ, ഓണാട്ടുകതിരവൻ, കിണറുമുക്ക് കൊമ്പൻ, ശക്തികുളങ്ങര കൊമ്പൻ, ആദിത്യ കാളകെട്ടു സമിതി, മേമന ദക്ഷിണേശ്വരൻ, ത്രിലോകനാഥൻ, മേമന യുവജന സമിതി, ബ്രഹ്മ തേജോമുഖൻ, പായിക്കുഴി ഇടംപിരി വലംപിരി വാരനാട് കൊമ്പൻ, പായിക്കുഴി വജ്രതേജോമുഖൻ, വരവിള കൈലാസം കാളകെട്ടു സമിതിയുടെ ഉൾപ്പെടെയുള്ള കെട്ടുകാളകൾ പരബ്രഹ്മ ഭൂമിയിലേക്ക് നിരനിരയായി വരും. 6ന് മുൻപ് എല്ലാ കെട്ടുകാളകളെയും അണിനിരത്തണമെന്നാണു ജില്ലാ ഭരണകൂടവും പൊലീസും നിർദേശം നൽകിയിട്ടുള്ളത്. കാളകെട്ടുത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ.ഗോപിനാഥൻ, ജി.സത്യൻ തോട്ടത്തിൽ, പാറയിൽ രാധാകൃഷ്ണൻ, എം.സി.അനിൽ കുമാർ, പ്രകാശൻ വലിയഴീക്കൽ എന്നിവർ അറിയിച്ചു.
ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
ഓച്ചിറ∙ കാളകെട്ടുത്സവത്തോടു അനുബന്ധിച്ച് നാളെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 8 മുതൽ ആലപ്പുഴയിൽ നിന്നു കൊല്ലം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കായംകുളത്തു നിന്നു കിഴക്കോട്ട് തിരിഞ്ഞ് കെപി റോഡ് വഴി ചാരുംമൂട്ടിലൂടെ ചക്കുവള്ളിയിലെത്തി കരുനാഗപ്പള്ളി പുതിയകാവിലെത്തണം.കൊല്ലത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി മുക്കിൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് തീരദേശ റോഡ് വഴി അഴീക്കൽ - വലിയഴീക്കൽ പാലം വഴി തോട്ടപ്പള്ളിയിലെത്തണം. കായംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ വലിയഴീക്കൽ പാലം കടന്നു കൊച്ചിയുടെ ജെട്ടി പാലത്തിലൂടെ പുല്ലുകുളങ്ങര വഴി കായംകുളത്ത് എത്തണം.