ഉച്ചയ്ക്ക് ജപ്തി നോട്ടിസ്; വൈകിട്ട് ഭാഗ്യം 70 ലക്ഷം
Mail This Article
ശാസ്താംകോട്ട ∙ ബാങ്കിൽനിന്നു ജപ്തി നോട്ടിസ് ലഭിച്ചു 3 മണിക്കൂറിനകം മത്സ്യ വിൽപനക്കാരനു ഭാഗ്യദേവതയുടെ കടാക്ഷം. മൈനാഗപ്പള്ളി ഇടവനശേരി ഷാനവാസ് മൻസിൽ പൂക്കുഞ്ഞിനാണ് (40) അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വടക്കൻ മൈനാഗപ്പള്ളി മേഖലയിൽ സ്കൂട്ടറിൽ മത്സ്യ വിൽപന നടത്തുന്ന പൂക്കുഞ്ഞ് വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു. വീടു നിർമാണത്തിനായി കോർപറേഷൻ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷത്തിന്റെ വായ്പ കുടിശികയായതോടെ ജപ്തി ഭീഷണിയിലായി. ഇന്നലെ ഉച്ചയ്ക്ക് 12ന് ഇതുസംബന്ധിച്ച നോട്ടിസ് കിട്ടി. പലിശയടക്കം 12 ലക്ഷത്തോളം രൂപയാണു തിരിച്ചടയ്ക്കാനുള്ളത്.
ബാധ്യത തീർക്കാൻ വഴിയില്ലാതെ, കിടപ്പാടം നഷ്ടമായി പെരുവഴിയിലാകുമെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് വൈകിട്ട് 3ന് അപ്രതീക്ഷിതമായി ഭാഗ്യമെത്തിയത്. പൂക്കുഞ്ഞിന്റെ പിതാവ് യൂസഫ്കുഞ്ഞ് പതിവായി ലോട്ടറി എടുക്കുന്നയാളാണ്. എന്നാൽ പൂക്കുഞ്ഞ് ലോട്ടറിയെടുത്തു പതിവില്ല. കഴിഞ്ഞ ദിവസം പ്ലാമൂട്ടിൽ ചന്തയിലെ ലോട്ടറി ചില്ലറ വിൽപനക്കാരൻ ഗോപാല പിള്ളയുടെ കയ്യിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. ഭാര്യ മുംതാസും മക്കളായ മുനീറും മുഹ്സിനയും ഉൾപ്പെടുന്നതാണു കുടുംബം.