രോഗികൾക്കു വിൽക്കാനായി വ്യാജ ഓക്സിജൻ സിലിണ്ടറുകൾ; ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു
Mail This Article
കൊല്ലം ∙ രോഗികൾക്കു വിൽക്കാനായി സൂക്ഷിച്ചിരുന്ന വ്യാജ ഓക്സിജൻ സിലിണ്ടറുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു. ശങ്കേഴ്സ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മെഡിക്രാഫ്റ്റ് എന്ന സ്ഥാപനത്തിൽ നിന്നാണ് 9 സിലിണ്ടറുകൾ പിടിച്ചെടുത്തത്. സിലിണ്ടറിനു മുകളിൽ മെഡിക്കൽ ഓക്സിജൻ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിറച്ചിരിക്കുന്നത് അതുതന്നെയാണോയെന്ന് ഉറപ്പില്ലെന്നു പരിശോധനയ്ക്കു നേതൃത്വം നൽകിയ ഡ്രഗ് ഇൻസ്പെക്ടർ എ. സജു പറഞ്ഞു.
പരിശോധനയ്ക്കായി സിലിണ്ടറുകൾ തിരുവനന്തപുരത്തെ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലേക്ക് അയയ്ക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്നു മെഡിക്കൽ ഓക്സിജൻ എന്ന പേരിലാണു ബില്ലുകൾ നൽകിയിരുന്നതെന്നും അധികൃതർ പറഞ്ഞു. സ്ഥാപനത്തിനെതിരെ കേസെടുത്തു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്കു കൈമാറി. പിടിച്ചെടുത്ത സിലിണ്ടറുകൾക്ക് ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കും. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് സിലിണ്ടറുകൾ ഇവിടെയെത്തിയിരുന്നത്.