പള്ളി സെമിത്തേരിയിലെ കല്ലറകൾ കുത്തിത്തുറന്ന നിലയിൽ; 5 വർഷം മുൻപും സമാന സംഭവം
Mail This Article
പുത്തൂർ ∙ മാറനാട് മാർ ബർസൗബ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലെ 2 കല്ലറകൾ കുത്തിത്തുറന്ന നിലയിൽ. ഒരു കല്ലറയുടെ ഗ്രാനൈറ്റ് മേൽമൂടി കല്ലറയ്ക്കുള്ളിലേക്കു തള്ളിയിട്ട നിലയിലും മറ്റൊരു കല്ലറയുടെ മേൽമൂടി ഇളക്കിമാറ്റാൻ ശ്രമിച്ച നിലയിലുമായിരുന്നു. 6 വർഷം മുൻപു മൃതദേഹം അടക്കിയ കല്ലറയുടെ ഉള്ളിലേക്കാണു മേൽമൂടിയുടെ ഒരു ഭാഗം തള്ളിയിട്ടത്. മൃതദേഹ അവശിഷ്ടങ്ങളുടെ മുകളിലേക്കാണ് ഇതു പതിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ഇരു കല്ലറകളിൽ നിന്നും മറ്റൊന്നും നഷ്ടപ്പെട്ടതായോ എന്തെങ്കിലും കൊണ്ടു വന്നിട്ടതായോ കണ്ടെത്തിയിട്ടില്ല.സംഭവം വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
ദേവാലയ പരിസരത്ത് അതിക്രമിച്ചു കയറി കല്ലറകൾ കുത്തിത്തുറന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇടവക ട്രസ്റ്റി റെജി പണിക്കർ, സെക്രട്ടറി തോമസ് പണിക്കർ എന്നിവർ ആവശ്യപ്പെട്ടു. എഴുകോൺ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ എസ്എച്ച്ഒ ടി.ശിവപ്രകാശ് അറിയിച്ചു. 5 വർഷം മുൻപു സമീപത്തെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയുടെ മേൽമൂടിയും ഇതു പോലെ സ്ഥാനഭ്രംശം വന്ന നിലയിൽ കണ്ടെത്തിയിരുന്നു.