ഫുട്ബോൾ കളിക്കാനും കാണാനും ആഗ്രഹിക്കുന്ന സ്ത്രീകളോട് ചില്ല പറയുന്നു: 'ദേ, നിങ്ങൾക്കുള്ള കോർട്ടാണിത്'
Mail This Article
അങ്ങു ഖത്തറിൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആരവങ്ങൾക്കു നടുവിൽ തലയുയർത്തിനിന്ന സ്റ്റെഫാനി ഫ്രപ്പാർട്ട് എന്ന വനിതാ റഫറിയുടെ വിസിൽ ശബ്ദം കേട്ട് ഇങ്ങു കൊല്ലത്തും ഒരു പന്തുരുണ്ടു തുടങ്ങി. കുറച്ചുപേരുടെ സ്വപ്നപ്പന്ത്. 16ന് ആ സ്വപ്നം കോർട്ടിലേക്കടുക്കും. കൊല്ലം അയത്തിൽ എംഎഫ്ഐപി സ്പോർട്സ് ടർഫിൽ അന്നാണു കൊല്ലത്തിന്റെ വനിതാ ഫുട്ബോൾ മത്സരം നടക്കുന്നത്. സ്ത്രീകളുടെ ഫുട്ബോൾ സ്വപ്നം ‘പാസ്’ ചെയ്യാൻ മാത്രമല്ല, വലയിലെത്തിക്കാനും ശ്രമിക്കുന്നതു കൊല്ലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില്ല ഫൗണ്ടേഷനാണ്. അവരുടെയും ഐമാളിന്റെയും നേതൃത്വത്തിൽ നടത്തുന്ന ചില്ല പ്രിമിയർ വിമൻസ് ഫുട്ബോൾ കപ്പ് –2022 ൽ 2 ടീമുകളുടെ പ്രദർശന മത്സരമാണു നടക്കുക.
നിർധനരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ചില്ല ഫൗണ്ടേഷൻ അംഗങ്ങൾക്ക് ഈ ആശയം കിട്ടിയതു ഫിഫ ലോകകപ്പിൽനിന്നു തന്നെയാണ്. ചരിത്രം തിരുത്തി പുരുഷ ലോകകപ്പ് മത്സരങ്ങളിൽ വനിതാറഫറിമാരെത്തിയ ദിനത്തിൽ. ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാർട്ട് എന്ന പ്രധാന റഫറി ചില്ലയുടെ മനസ്സിലും ചേക്കേറി. കൊല്ലത്തും ഒരു വനിതാ ഫുട്ബോൾ മത്സരമായാലെന്താ എന്ന ആശയം പെൺകൂട്ടായ്മയിലും ചിറകടിച്ചുയർന്നു.
സ്ത്രീകൾ മാത്രം മുന്നേറണം എന്നല്ല, കഴിവുള്ളവരൊക്കെ മുന്നേറട്ടെ എന്ന ലക്ഷ്യത്തോടെയാണു നീങ്ങുന്നതെന്നു ചില്ല സെക്രട്ടറി റാണി നൗഷാദ് പറയുന്നു. സംഘടനയുടെ സ്പോർട്സ് എംപവർമെന്റ് ഡയറക്ടറും മാരത്തൺ താരവുമായ അഡ്വ. ദീപി അശോക്, ട്രഷറർ അർച്ചന, ജില്ലാ കോഓർഡിനേറ്റർ ജലജ നരേഷ്, ഷീജ മണികണ്ഠൻ തുടങ്ങിയവർ അതിനുള്ള ഒരുക്കവും തുടങ്ങി. സംസ്ഥാനതല മത്സരങ്ങളിലടക്കം പങ്കെടുക്കുന്ന മുട്ടറ ദേശിംഗനാട് സോക്കർ ക്ലബ്ബിലെ വനിതാതാരങ്ങളാണു കളത്തിലിറങ്ങുക.
വർഷ, ആരതി എസ്. കുമാർ, പ്രസന്ന എന്നിങ്ങനെ 3 റഫറിമാരും വനിതകളാണെന്നതു മറ്റൊരു പ്രത്യേകത. ക്ലബ്ബിലെ ആദ്യ ബാച്ച് വിദ്യാർഥികളിലൊരാളായ ആരതി ഇപ്പോൾ ടീമിന്റെ പരിശീലകയുമാണ്. 16നു രാത്രി 7 മുതൽ 8 വരെയാണു മത്സരം. ഉദ്ഘാടനം കലക്ടർ അഫ്സാന പർവീൺ നിർവഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് മത്സരം കിക്കോഫ് ചെയ്യും. ഡിടിപിസി സെക്രട്ടറി ആർ. രമ്യയാണു സമ്മാനവിതരണം നടത്തുക.
ജില്ലയ്ക്കു സ്വന്തമായി ഒരു വനിതാഫുട്ബോൾ ടീമും അക്കാദമിയുമെല്ലാം ചില്ലയുടെ സ്വപ്നങ്ങളിലുണ്ട്. ഫുട്ബോൾ കളിക്കാനും കാണാനും ആഗ്രഹിക്കുന്ന സ്ത്രീകളോട്, ‘ദേ, നിങ്ങൾക്കുള്ള കോർട്ടാണിത്’ എന്നു പറയുകയാണ് ഈ കൂട്ടായ്മ.