ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപണം; പുനലൂർ താലൂക്ക് ആശുപത്രിയിൽ സംഘർഷം
Mail This Article
പുനലൂർ ∙ അത്യാഹിത വിഭാഗത്തിൽ എത്തിച്ച രോഗിയെ പരിശോധിക്കാൻ വൈകിയെന്നും ചികിത്സ വൈകിയതിനാൽ മരിച്ചെന്നും ആരോപിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിൽ സംഘർഷം. ഓട്ടോ ഡ്രൈവർ കൂടിയായ രോഗിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് ഒരു സംഘം ഓട്ടോ ഡ്രൈവർമാരാണ് ആശുപത്രിയിൽ പ്രതിഷേധിച്ചത്. വിളക്കുവെട്ടം പ്ലാവിള പുത്തൻ വീട്ടിൽ ഉദയകുമാർ (45) ആണ് മരിച്ചത്. മരിച്ച ശേഷമാണ് ഉദയകുമാറിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് ബന്ധുക്കൾ തന്നെ സമ്മതിക്കുന്നുണ്ടെന്ന നിലപാടുമായി ആശുപത്രി അധികൃതരരും രംഗത്തെത്തി. പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് സംഘർഷത്തിന് അയവു വന്നത്. സംഭവത്തെക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ല.
ഉദയകുമാർ വീട്ടിൽ തുണിവിരിച്ചു കൊണ്ട് നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അയൽവാസികൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ഒപി ടിക്കറ്റ് എടുക്കാത്തതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഉദയകുമാറിനെ പരിശോധിക്കാൻ തയാറായില്ലെന്നാണ് ആരോപണം. ഒപി ടിക്കറ്റ് എടുത്ത ശേഷം ഡോക്ടർ പരിശോധിക്കാൻ തയാറായെങ്കിലും ഇതിനകം ഉദയകുമാർ മരിച്ചെന്നും ഇവർ ആരോപിച്ചു.
സംഭവം അറിഞ്ഞതോടെ ഓട്ടോ തൊഴിലാളികൾ ആശുപത്രിയിൽ തടിച്ചുകൂടി അനാസ്ഥ കാട്ടിയെന്നാരോപിച്ച് ബഹളം ഉണ്ടാക്കി. പൊലീസ് എത്തി ഓട്ടോ തൊഴിലാളികളുമായി സംസാരിച്ച് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുഭഗൻ, സ്റ്റേഷൻ ഓഫിസർ ജി.രാജേഷ് കുമാർ, ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികൾ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് സംഭവത്തെത്തുടർന്ന് അന്വേഷണം നടത്തി ആശുപത്രി ജീവനക്കാരുടെ ഭാഗത്തു പിഴവുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
മരിച്ച ശേഷമാണ് ഉദയകുമാറിനെ ആശുപത്രിയിൽ എത്തിച്ചതെന്നും തന്റെ മടിയിൽ കിടന്നാണ് മരിച്ചതെന്നു ബന്ധുക്കളിൽ ചിലർ പറഞ്ഞെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് എസ്.സുഭഗൻ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.സംസ്കാരം ഇന്ന് 12ന്. ഭാര്യ: മീര. മക്കൾ: ഉദാര, ഉദീപ്.