മാലാക്കായലിലെ കണ്ടൽ വനം കണ്ടു പഠിക്കാൻ അവരെത്തി
Mail This Article
ചിറക്കര∙ ഗ്രാമപ്പഞ്ചായത്തിലെ നെടുങ്ങോലം മാലാക്കായലിലെ കണ്ടൽ വനത്തിന്റെ വിനോദ സഞ്ചാര, പാരിസ്ഥിതിക പ്രാധാന്യം പഠിക്കുന്നതിനായി അൻപത് അംഗ സംഘം എത്തി. നെടുങ്ങല്ലൂർ പച്ചവനയാത്ര സമിതിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ കന്യാകുമാരി വരെയുള്ളവരാണ് പഠന സംഘത്തിൽ ഉണ്ടായിരുന്നത്.ഇത്തിക്കര ആറിന്റെ തീരത്ത് മാലാക്കായലിൽ പരിസ്ഥിതിക്ക്് കുട ചൂടി കണ്ടൽ കാട് സ്ഥിതി ചെയ്യുന്നത്. കായൽ ബണ്ടിൽ കോട്ട പോലെ സംരക്ഷണം ഒരുക്കിയും ഇടത്തോടുകളിൽ ഇരുവശങ്ങളിൽ നിന്നും പടർന്നു പന്തലിച്ചു അർധ വൃത്താകൃതിയിൽ കൂടാരം കണക്കെ സംരക്ഷണം ഒരുക്കി മത്സ്യ സമ്പത്തിന്റെ വർധനയ്ക്കും പക്ഷികളുടെ സങ്കേതവുമായി മാറിയ കണ്ടൽക്കാട് കാണാൻ വിദേശികളും സ്വദേശികളുമായ ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്.
ചിറക്കര പഞ്ചായത്തിലെ വിനോദ സഞ്ചാര വികസന സാധ്യത വിലയിരുത്തി. കണ്ടൽക്കാട് മൂലം ഇത്തിക്കരയാർ, മാലാക്കായൽ എന്നിവിടങ്ങളിൽ കരിമീൻ, കണമ്പ്, ചെമ്മീൻ, ചെമ്പല്ലി, ഞണ്ട് തുടങ്ങിയ ഇനം മത്സ്യങ്ങളുടെ ലഭ്യതയിൽ വർധന ഉണ്ടായിട്ടുണ്ടെന്ന് സംഘം വിലയിരുത്തി. പതിനഞ്ചോളം ഇനം പക്ഷികളെയും കണ്ടെത്തി. അന്യമാകുന്ന കുന്നിക്കുരു, മഞ്ചാടി തുടങ്ങിയവയും ഇവിടെ ഉണ്ട്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ദേശാടന പക്ഷി സങ്കേതമായ പോളച്ചിറയും സംഘം സന്ദർശിച്ചു. ഇതു സംബന്ധിച്ചു മാസ്റ്റർ പ്ലാൻ തയാറാക്കും. പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ പ്രസിദ്ധീകരിക്കും.പഠന യാത്ര സംഘത്തിന്റെ കണ്ടൽ യാത്ര ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സി.സുശീല ദേവി ഉദ്ഘാടനം ചെയ്തു. കെ,സുജയ് കുമാർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് അംഗങ്ങളായ എം.ആർ.രതീഷ്, എസ്.രജനീഷ്, കെ.സി.സംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.രഘുനാഥൻ, സമിതി പ്രസിഡന്റ് എ.ടി.ഫിലിപ്പ്, കോഓർഡിനേറ്റർ എ.എ.ലത്തീഫ് മാമൂട്, എൻ.ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.