ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം; കേന്ദ്രമന്ത്രി ഇന്നെത്തും
Mail This Article
ചാത്തന്നൂർ∙ നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേഡ് -എൻക്യുഎഎസ് അംഗീകാരം രണ്ടാംതവണയും ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു ലഭിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹ മന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇന്ന് രണ്ടിനു കുടുംബാരോഗ്യ കേന്ദ്രം സന്ദർശിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു, മെഡിക്കൽ സൂപ്രണ്ട് ഡോ.എൻ.പി.വിനോദ് എന്നിവർ പറഞ്ഞു.
ആശുപത്രിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8 മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് അംഗീകാരം നൽകുന്നത്. ഓരോന്നിലും 70% മാർക്ക് നേടിയാലാണ് എൻക്യുഎഎസ് അംഗീകാരം ലഭിക്കുക. കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നേരിട്ടു നടത്തിയ വിശദ പരിശോധനയിൽ 93.81 % മാർക്ക് നേടിയാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്.
കോവിഡ് വ്യാപനം മൂലം ആദ്യ തവണ ഓൺലൈനായാണ് മാനദണ്ഡങ്ങൾ വിലയിരുത്തിയത്. അംഗീകാരപത്രം, 2 ലക്ഷം രൂപയും അവാർഡായി ലഭിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസം ഒപിയിൽ മുന്നൂറിലേറെ രോഗികൾ എത്തുന്നുണ്ട്. ഇ ഹെൽത്ത് സംവിധാനത്തിലാണ് പ്രവർത്തനം.
പേപ്പർ മുക്ത ആശുപത്രിയാണിത്. ഡോക്ടറെ കണ്ടു കഴിഞ്ഞാൽ രോഗികളുടെ ചികിത്സാ രേഖകൾ ഫാർമസി, ലാബ് തുടങ്ങിയ അതത് വിഭാഗങ്ങളിൽ ലഭ്യമാകും. വൈകിട്ട് 6 വരെ സേവനം, ലാബ്, ഫിസിയോ തെറപ്പി തുടങ്ങിയ സംവിധാനങ്ങൾ ഉണ്ട്.