ADVERTISEMENT

ശാസ്താംകോട്ട ∙ കരുതലിന്റെ കൈ പിടിച്ച് നാട് ഒപ്പം നിന്നതോടെ ഇരട്ട പെൺകുട്ടികൾ സുമംഗലികളായി. പടിഞ്ഞാറെ കല്ലട വലിയപാടം ചിത്രാ നിവാസിൽ ശിവസുതന്റെയും പരേതയായ സുശീലയുടെയും മക്കളായ എസ്.ചിത്ര, എസ്.ലേഖ എന്നിവരുടെ വിവാഹത്തിനാണു പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഒന്നിച്ചത്. കൊല്ലം മഹിളാ മന്ദിരത്തിലെ അന്തേവാസികളാണ് ഇരുവരും. ലേഖയെ മൈനാഗപ്പള്ളി വേങ്ങ തൈവിള കിഴക്കേതിൽ എസ്.ശ്യാമും ചിത്രയെ കുന്നത്തൂർ പുത്തനമ്പലം ശാന്തി ഭവനിൽ കപിൽരാജും വരണമാല്യം അണിയിച്ചു.

കോവൂർ കുഞ്ഞുമോൻ എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ നേതൃത്വം നൽകി. മാതാവിന്റെ മരണത്തെ തുടർന്ന് ആശ്രയമറ്റ ഇരുവരെയും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണു ജീവിതത്തിലേക്ക് ചേർത്തുപിടിച്ചത്. പിന്നീട് ഇരുവരെയും മഹിളാ മന്ദിരത്തിലേക്കു മാറ്റി. പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടുന്ന സംഘാടകസമിതി രൂപീകരിച്ചു വിപുലമായാണു വിവാഹം നടത്തിയത്.

രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടനകളും ദേവാലയങ്ങളും വാട്സാപ് ഗ്രൂപ്പുകളും കുടുംബശ്രീ, തൊഴിലുറപ്പു പ്രവർത്തകരും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും കല്യാണത്തിന്റെ ഒരുക്കങ്ങൾക്കായി മുന്നിലുണ്ടായിരുന്നു. ജനങ്ങൾ നൽകിയ സംഭാവന കൊണ്ടാണു വിവാഹം നടത്തിയതെന്നും ബാക്കി തുക ഇരുവരുടെയും പേരിൽ ബാങ്ക് നിക്ഷേപമാക്കുമെന്നും പഞ്ചായത്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com