2:30 ന്റെ പരീക്ഷ ആരംഭിച്ചത് 4.50ന്, ഒരു മണിക്ക് അകത്തു കയറിയ വിദ്യാർഥികൾ പുറത്തിറങ്ങിയത് 8 മണിക്ക്
Mail This Article
കൊല്ലം ∙ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) പരീക്ഷ തുടങ്ങാൻ വൈകിയതോടെ ബുദ്ധിമുട്ടിലായി വിദ്യാർഥികളും മാതാപിതാക്കളും. കല്ലുംതാഴം ശ്രീ ബുദ്ധ സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജിയിൽ ഇന്നലെ ഉച്ചയ്ക്കു 2:30ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആരംഭിച്ചത് 4.50ന് ആണ്. 5.30 ന് തീരേണ്ട പരീക്ഷ കഴിഞ്ഞു കുട്ടികളെ കൊണ്ടുപോകാനായി മാതാപിതാക്കൾ എത്തിത്തുടങ്ങിയപ്പോഴാണ് പലരും സംഭവമറിഞ്ഞത്.
പരീക്ഷയുടെ 90 മിനിറ്റ് മുൻപ് തന്നെ ഹാളിൽ പ്രവേശിക്കേണ്ടതിനാൽ വിദ്യാർഥികൾ ഒരു മണിയോടെ അകത്തു കയറിയിരുന്നു. പുറത്തേക്കിറങ്ങാനായത് എട്ടുമണിയോടെ. 4.45 ആയിട്ടും പരീക്ഷ ആരംഭിച്ചില്ല എന്നറിഞ്ഞതോടെ പരാതികളുമായി മാതാപിതാക്കൾ രംഗത്തെത്തി. വിദ്യാർഥികൾക്കു ഭക്ഷണം ലഭ്യമാക്കാനോ പുറത്ത് കാത്തിരിക്കുന്ന മാതാപിതാക്കളെ അറിയിക്കാനോ അധികൃതർ തയാറായില്ലെന്നായിരുന്നു പരാതി. പരീക്ഷയ്ക്കെത്തിയ പലരും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. പരീക്ഷയ്ക്ക് കൂട്ടിന് ആളുകൾ ഇല്ലാത്ത വിദ്യാർഥികളുടെ മടക്കയാത്രയും ഇതോടെ ബുദ്ധിമുട്ടിലായി.
ട്രെയിനിൽ മടങ്ങാൻ കരുതിയവരും ഉൾപ്രദേശങ്ങളിൽ നിന്നുള്ളവരുമാണ് ഏറെ ബുദ്ധിമുട്ടിയത്. ഓൺലൈൻ ആയി നടക്കുന്ന പരീക്ഷയുടെ ഒരു ഘട്ടം ഇന്നലെ രാവിലെ നടന്നിരുന്നു. എന്നാൽ രാവിലെ പരീക്ഷ സമയബന്ധിതമായി നടന്നിരുന്നു. അതേസമയം സെർവറിൽ ഉണ്ടായ പ്രശ്നമാണ് പരീക്ഷ വൈകാൻ കാരണമെന്നും എല്ലായിടത്തും പ്രശ്നം ഉണ്ടെന്നുമാണ് മാതാപിതാക്കൾക്ക് അധികൃതർ നൽകിയ വിശദീകരണം. കുട്ടികൾക്ക് ആവശ്യമായ വെള്ളവും ബിസ്കറ്റും നൽകിയെന്നും മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു.