ADVERTISEMENT

കൊല്ലം∙ റെയിൽവേ സ്റ്റേഷനിൽ 3 വർഷമായി അടഞ്ഞു കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ തുറക്കാൻ നടപടിയുമായി കോർപറേഷൻ. നിലവിൽ ഉണ്ടായിരുന്ന കൗണ്ടർ തുരുമ്പെടുത്തു നശിച്ചിരുന്നു. ഇതിനു പകരം ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ചു നിർമിച്ച കൗണ്ടർ കോർപറേഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.

ചിന്നക്കട ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് സമീപത്തെ പ്രീപെയ്ഡ് കൗണ്ടർ ബേക്കറി സ്ഥാപനത്തിന്റെ സഹായത്തോടെ ട്രാഫിക് പൊലീസ് വിഭാഗം പ്രവർത്തന സജ്ജമാക്കിയിരുന്നു. സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം ഒട്ടേറെ തവണ കോർപറേഷൻ അധികൃതരെ നേരിട്ടുകണ്ടും നോട്ടിസ് മുഖേനയും പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തന സജ്ജമാക്കി തരണമെന്നു ആവശ്യപ്പെട്ടിരുന്നു. കൗണ്ടറുകളുടെ നിർമാണം പൂർത്തിയായെങ്കിലും വൈദ്യുതി കണക‍്ഷൻ, കംപ്യൂട്ടർ, പ്രിന്റർ, ബില്ലിങ് സോഫ്റ്റ്‍വയർ എന്നിവ കൂടി കോർപറേഷൻ ലഭ്യമാക്കേണ്ടതുണ്ട്.

ചിന്നക്കടയിലെ കൗണ്ടറിൽ വൈദ്യുതി കണക‍്ഷൻ ലഭിച്ചിട്ടുണ്ട്. പോകേണ്ട സ്ഥലത്തിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ബില്ലിങ് സോഫ്റ്റ്‍വയർ നിർമിക്കാൻ കഴക്കൂട്ടത്തെ സ്വകാര്യ ഐടി സ്ഥാപനത്തിന് കോർപറേഷൻ കരാർ നൽകിയിട്ടുണ്ട്. മോട്ടർ വാഹന വകുപ്പ് തയാറാക്കിയ നിരക്കിലെ അവ്യക്തതയെ കുറിച്ച് ഓട്ടോ തൊഴിലാളികൾ പരാതി പറഞ്ഞതിനാൽ നിരക്ക് പുനർനിർണയിക്കുന്ന ജോലി നടന്നു വരുകയാണ്. കോവിഡ് കാലത്ത് പൊതു ഗതാഗത നിയന്ത്രണങ്ങൾ വന്നതോടെയാണ് നഗരത്തിലെ പ്രീപെയ്ഡ് കൗണ്ടറുകൾ അടച്ചത്. 

ലോക്ക് ഡൗൺ പിൻവലിച്ചു സംസ്ഥാനത്തെ മറ്റ് ജില്ലകളിലെല്ലാം പ്രീപെയ്ഡ് കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിട്ടും നഗരത്തിൽ അടഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മേയറുടെ ചേംബറിൽ കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗത്തിൽ പ്രീപെയ്‍‍ഡ് കൗണ്ടറുകൾ 45 ദിവസത്തിനകം തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനമായിരുന്നു.

‘വില വർധന പിൻവലിക്കണം’

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങൾക്കു വരുത്തിയ വൻ വില വർധന പിൻവലിക്കണമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.പി.ദീപു ലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജെ.ഗോപകുമാർ, സന്തോഷ് രാജേന്ദ്രൻ, ചിതറ അരുൺ ശങ്കർ, കുരുവിള ജോസഫ്, കാര്യറ നസീർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com