ഉത്ര സ്ത്രീധന പീഡന കേസ്: എതിർ വിസ്താരം തുടരുന്നു
Mail This Article
പുനലൂർ ∙ അഞ്ചൽ ഏറം ഉത്രാ വധക്കേസിനോട് അനുബന്ധിച്ചുള്ള സ്ത്രീധന പീഡന കേസിലെ രണ്ടാം സാക്ഷിയും ഉത്രയുടെ പിതാവുമായ വിജയസേനന്റെ പ്രതിഭാഗം എതിർ വിസ്താരം തുടരുന്നു. പ്രതികൾക്ക് വേണ്ടിയുള്ള ക്രോസ് വിസ്താരം ഇന്നലെ 3 മണിക്കൂറിലധികം നീണ്ടെങ്കിലും പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ ബാക്കി ക്രോസ് വിസ്താരത്തിനായി 15 ലേക്ക് മാറ്റി.
വാദിഭാഗം വിസ്താരസമയത്ത് ആരോപിച്ചിരുന്ന സ്ത്രീധന ആരോപണവും ഗാർഹിക പീഡനവും ആദ്യം പരാതി നൽകുന്ന അവസരങ്ങളിൽ ഒന്നും ഉന്നയിക്കാതിരുന്ന വിഷയമാണു പ്രധാനമായും പ്രതിഭാഗം ഉയർത്തിക്കാട്ടാൻ ശ്രമിച്ചത്. ഉത്രയ്ക്കു വിവാഹത്തിന് നൽകിയ കാർ ഉത്രയ്ക്ക് സഞ്ചരിക്കാൻ വാങ്ങിനൽകിയതാണെന്നും സ്ത്രീധനമായി നൽകിയതല്ലെന്നും പ്രതിഭാഗം വാദിച്ചു.
പുനലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അമ്പിളി ചന്ദ്രന്റെ കോടതിയിൽ നടക്കുന്ന വിചാരണയിൽ, ഉത്രാ വധക്കേസിൽ ഇരട്ട ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരുന്ന ഭർത്താവ് സൂരജ് എസ്.കുമാർ, ഭർതൃപിതാവ് സുരേന്ദ്ര പണിക്കർ, ഭർതൃമാതാവ് രേണുക, സഹോദരി സൂര്യ എന്നിവരാണു പ്രതികൾ.
നേരത്തേ ഒന്നാം സാക്ഷി ഉത്രയുടെ സഹോദരൻ വിഷുവിനെ 5 മണിക്കൂറിലധികം സമയം കൊണ്ട് വിസ്തരിച്ചിരുന്നു. ഇടയ്ക്കു സ്വർണം ഹാജരാക്കുമെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഇന്നലെയും സ്വർണം ഹാജരാക്കിയില്ല. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനു മുൻപു തന്നെ സ്ത്രീധന നിരോധന നിയമം മൂന്നും നാലും വകുപ്പു കൂടി ഈ കേസിൽ ഉൾപ്പെടുത്തണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ അംഗീകരിച്ച കോടതി കേസിന്റെ പ്രധാന ഘട്ടമായ സാക്ഷി വിസ്താരത്തിലേക്കു കടന്നപ്പോൾ ഇതിനായി കൂടുതൽ സമയം ആവശ്യമായി വന്നിരിക്കുകയാണ്
.പ്രതികൾക്കു വേണ്ടി അഡ്വ. അനീസ് തങ്ങൾ കുഞ്ഞും വാദിഭാഗത്തിനു വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർ ഷിബ്ദാസും കോടതിയിൽ ഹാജരായി.