മന്ത്രി മുഹമ്മദ് റിയാസിന്റെ താക്കീതും ഏറ്റില്ല, ആറു കോടിയുടെ റോഡ് ആകെ ഒരു ‘വഴി’യാണ്!
Mail This Article
സദാനന്ദപുരം∙ റോഡ് പണി വൈകിപ്പിക്കുന്ന കരാറുകാരെ വച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2022 സെപ്റ്റംബർ 26ന് തൃക്കണ്ണമംഗലിൽ നടന്ന പ്ലാപ്പള്ളി- സദാനന്ദപുരം റോഡ് നിർമാണ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ താക്കീത്. അതും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിൽ. ആറു മാസം പിന്നിടുന്നു. ആറു കോടിയോളം രൂപ ചെലവിൽ ആരംഭിച്ച റോഡ് നിർമാണം എങ്ങും എത്തിയില്ല.
റോഡിലുടനീളം സഞ്ചരിച്ചാൽ മൂന്ന് നാലിടത്ത് പാതി നിർമിച്ച കലുങ്കുകൾ കാണാം. അത്രമാത്രം. പൊടിശല്യം കാരണം ജനങ്ങൾക്ക് വീടുകളിൽ നിന്നു പുറത്തിറങ്ങാനാകുന്നില്ല. റോഡ് നിർമാണം വൈകിയതിന് പിന്നിൽ ഓരോ വകുപ്പുകൾക്ക് കാരണം ഉണ്ട്. സർക്കാർ വകുപ്പുകളാണ് നിർമാണം വൈകിപ്പിച്ചതെന്നാണ് കരാറുകാർ പറയുന്നത്.
പക്ഷേ പൊറുതി മുട്ടുന്നത് ജനം. ജലജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് നിർമാണം ആരംഭിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പൈപ്പ് ഇതുവരെയും പൂർണമായി സ്ഥാപിച്ചിട്ടില്ല. എംസി റോഡിൽ നിന്നു കൊട്ടാരക്കര- ഓയൂർ റോഡിലേക്കുള്ള സമാന്തരപാതയാണിത്. നൂറ് കണക്കിന് യാത്രക്കാരാണ് ഇതുവഴി പോകുന്നത്.
അഭ്യാസം അറിയണം
സദാനന്ദപുരത്ത് നിന്നു പ്ലാപ്പള്ളി വഴി തൃക്കണ്ണമംഗലിൽ ഇരുചക്രവാഹനത്തിൽ സുരക്ഷിതമായി അഭ്യാസങ്ങൾ അറിയണം. അല്ലെങ്കിൽ വീണ് പരുക്കേൽക്കും. ആഴമേറിയ കുഴികളാണ് പലയിടത്തും.
പോരാത്തതിന് തെരുവ് വിളക്കും മിക്കയിടത്തും കത്തുന്നില്ല. പ്ലാപ്പള്ളി- തൃക്കണ്ണമംഗൽ ഭാഗത്താണ് ഗട്ടറുകൾ കൂടുതൽ. മണ്ണെടുപ്പ് ലോബിയുടെ പറുദീസയാണ് പ്രദേശം. അമിത ലോഡുമായാണ് ലോറികളുടെ സഞ്ചാരം. മണ്ണ് ലോറികളുടെ പ്രയാണം കാരണം റോഡിലെ കുഞ്ഞുപാലവും തകർച്ചയിലാണ്. വേനലായതോടെ പൊടിശല്യം രൂക്ഷമായി. വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാത്ത സ്ഥിതിയാണ്.
ഈയംകുന്ന് റോഡും തകർച്ചയിൽ
തട്ടത്ത് മുക്കിൽ നിന്നു എംസി റോഡിലെത്താൻ ഈയംകുന്ന് വഴി റോഡുണ്ട്. തകർന്ന് തരിപ്പണമായ നിലയിലാണ് റോഡിന്റെ മിക്ക ഭാഗങ്ങളും. ഈ റോഡിന്റെ നിർമാണം ഒരു പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടില്ല. അടിയന്തരമായി റോഡ് നന്നാക്കാത്ത പക്ഷം വൻ ദുരന്തങ്ങൾക്കാണ് സാധ്യത.