റെയിൽവേ ട്രാക്കിൽ പാറ വീഴുന്നത് പതിവ്; കാവലിന് ആളെ നിർത്തി റെയിൽവേ
Mail This Article
തെന്മല ∙ റെയിൽവേ ട്രാക്കിൽ പാറ വീഴുന്നത് പതിവായതോടെ കാവലിന് ആളെ നിർത്തി റെയിൽവേ. തെന്മല റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തെ തുരങ്കത്തിന് സമീപത്താണ് രണ്ട് ദിവസം അടുപ്പിച്ച് പാറ ട്രാക്കിലേക്ക് വീണത്. തിങ്കൾ രാത്രിയിൽ ട്രാക്കിലേക്ക് വീണ പാറയിൽ പാലരുവി എക്സ്പ്രസ് തട്ടിയിരുന്നു. ഈ പാറ റെയിൽവേ ജീവനക്കാർ എടുത്തുമാറ്റി. അടുത്ത ദിവസം വീണ്ടും ഈ ഭാഗത്ത് വീണ പാറ എഗ്മൂർ എക്സ്പ്രസിലെ യാത്രക്കാരാണു വശത്തേക്ക് എടുത്ത് മാറ്റി ഗതാഗതം സുഗമമാക്കിയത്. ട്രാക്കിൽ കിടന്ന പാറ ദൂരത്തു നിന്നുതന്നെ ലോക്കോ പൈലറ്റ് കണ്ടതിനാൽ അപകടം ഒഴിവായി.
നിരന്തരം പാറ വീഴുന്ന ഇവിടെ രണ്ട് വർഷം മുൻപ് കുന്നിടിഞ്ഞിറങ്ങിയതായിരുന്നു. അന്ന് ഇവിടെ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും റെയിൽവേ ചെവിക്കൊണ്ടില്ല. ഇനിയും ഇവിടെ പാറ വീഴുമെന്ന് ഉറപ്പായതോടെ കാവലിന് ആളെ നിർത്തിയിരിക്കുകയാണ് റെയിൽവേ എൻജിനീയറിങ് വിഭാഗം. പകൽ ഒരാളും രാത്രിയിൽ രണ്ടുപേരുമാണ് കാവൽ നിൽക്കുന്നത്. ഗേജ് മാറ്റ സമയത്തെ അശാസ്ത്രീയ നിർമാണമാണ് പാറ വീഴ്ചയുടെ കാരണമെന്ന് പറയുന്നു. കുന്നിടിച്ചിലും പാറ വീഴ്ചയും പതിവായുള്ള സ്ഥലത്ത് സംരക്ഷണഭിത്തി നിർമാണം പൂർത്തീകരിച്ചിട്ടില്ല. സംരക്ഷണഭിത്തി വേണ്ടാത്ത സ്ഥലങ്ങളിലാണ് ഇവ നിർമിച്ചിരിക്കുന്നതും കരാറുകാരുടെ സൗകര്യം നോക്കിയാണ് നിർമാണം നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.