ADVERTISEMENT

കൊല്ലം ∙ ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്നു തിരുവാഭരണ ഘോഷയാത്ര. നാളെ വിഷുക്കണി. 16നു നടക്കുന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിന് പുതിയകാവ് ദേവിയുടെ തിടമ്പേറ്റുന്നത് അനന്തപത്മനാഭൻ എന്ന ഗജവീരൻ ആണ്.ഭാരത് വിനോദ് താമരക്കുളം മഹാഗണപതിയുടെ തിടമ്പേറ്റും. ആറാട്ടിന് തൃക്കടവൂർ ശിവരാജു ആശ്രാമം ക്ഷേത്രത്തിലെ തിടമ്പേറ്റും.

വൈകിട്ട് 5നു ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. ആർ.പ്രകാശൻ പിള്ള ദീപം തെളിക്കും. വാദ്യമേളങ്ങൾ, നിലക്കാവടി, പൂക്കാവടി, മാൻപേടനൃത്തം, നിശ്ചല ദൃശ്യങ്ങൾ, വേലകളി, ഭജന, വിവിധ കലാരൂപങ്ങൾ, താലപ്പൊലി, ഗജവീരന്മാർ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും.

താലൂക്ക് കച്ചേരി, ആശുപത്രി ജംക്‌ഷൻ, ചാമക്കട, മെയിൻ റോഡ്. മണിമേട, മുനീശ്വരൻ കോവിൽ കുറവൻ പാലം, ശങ്കേഴ്സ് ആശുപത്രി ജംക്‌ഷൻ, കടപ്പാക്കട, നായേഴ്സ് ആശുപത്രി വഴി  രാത്രി 12നു ക്ഷേത്രത്തിൽ എത്തിച്ചേരും. വഴിയിലുടനീളം ഭക്തർ വരവേൽപ് നൽകും. വിവിധ കലാപരിപാടികളും നടക്കും.

നാളെ പുലർച്ചെ 4നു വിഷുക്കണി, 5നു കണിവേല. 10.30നു വിഷുസദ്യ നടക്കും. ക്ഷേത്രത്തിൽ  8 ദിവസമായി നടന്നുവരുന്ന കഥകളി ഇന്നു സമാപിക്കും. കംസവധം ആണ് കളിക്കുന്നത്. ഉത്സവദിനങ്ങളിൽ നടക്കുന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്നുണ്ട്.  നാളെ നടക്കുന്ന വിഷുസദ്യയ്ക്ക് വൻജനാവലി എത്തും. വെടിക്കെട്ടിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയതിനാൽ സുരക്ഷ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.

വെട്ടിക്കെട്ടിന് കർശന ഉപാധികൾ; എ‍ഡിഎം ഉത്തരവിറക്കി

കൊല്ല ∙ കൊല്ലം പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള നിബന്ധനകൾ വ്യക്തമാക്കി എഡിഎം ബീനാറാണി ഉത്തരവിറക്കി. ഉപാധികളോടെ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നിബന്ധനകൾ പുറപ്പെടുവിച്ച് വെടിക്കെട്ടിന് എഡിഎം അനുമതി നൽകിയത്. ജില്ലാ പൊലീസ് മേധാവി, സബ് കലക്ടർ, ജില്ലാ ഫയർ ഓഫിസർ, കൊല്ലം തഹസിൽദാർ എന്നിവർ സംയുക്ത പരിശോധന നടത്തണം.

15 കിലോ കരിമരുന്ന് മാത്രമേ ഉപയോഗിക്കാവൂ. വെടിക്കെട്ടിന് മുൻപ് വെടിമരുന്ന് രാസപരിശോധനയ്ക്ക് വിധേയമാക്കി നിരോധിത രാസവസ്തുക്കൾ ഉണ്ടോ എന്ന് ജില്ലാ പൊലീസ് മേധാവി പരിശോധിക്കേണ്ടതാണ്. സുരക്ഷയുടെ ഭാഗമായി അഗ്നിരക്ഷാ സേനയുടെയും ആംബുലൻസിന്റെയും സേവനം ലൈസൻസി സ്വന്തം ചെലവിൽ ഏർപ്പെടുത്തണം. ആവശ്യമായ അഗ്നിശമന ഉകരണങ്ങളും ജലലഭ്യതയും ഉറപ്പു വരുത്തേണ്ടതും ലൈസൻസിയാണ്. മത്സരക്കമ്പങ്ങൾ  ഒരു കാരണവശാലും നടത്തരുത്.

കരിമരുന്ന് പ്രദർശനത്തിൽ ഉഗ്ര സ്‌ഫോടനശേഷിയുള്ളതും നിരോധിക്കപ്പെട്ടതും ഗാഢത കൂടിയതുമായ സ്‌ഫോടക വസ്തുക്കളായ ഗുണ്ട്, കുഴിമിന്നൽ, ഡൈനമൈറ്റ് മുതലായവ ഉപയോഗിക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. വെടിക്കെട്ട് നടത്തുന്നിടത്തു നിന്നു 100 മീറ്റർ അകലത്തിൽ ബാരിക്കേഡ് നിർമിക്കണം. താലൂക്ക് പരിധിയിലെ പൊലീസ്, റവന്യു ജീവനക്കാരുടെ പ്രത്യേക സംഘം രൂപീകരിച്ച് വെടിക്കെട്ട് സ്ഥലത്ത് കർശന പരിശോധന നടത്തണം. 250 മീറ്റർ ദൂരപരിധിയിലെ വീടുകളിലെ താമസക്കാരെ കരിമരുന്നു പ്രദർശന സമയത്ത് കുറഞ്ഞത് ഒരു മണിക്കൂർ മുൻപ് പൊലീസ് ഒഴിപ്പിക്കണം തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com