സിഐക്കും എസ്ഐക്കും മർദനം: സൈനികനും പിതാവും റിമാൻഡിൽ
Mail This Article
കൊട്ടിയം∙ പരാതി അന്വേഷിക്കാനെത്തിയ സിഐയെയും എസ്ഐയെയും മർദിച്ച സൈനികനെയും പിതാവിനെയും റിമാൻഡ് ചെയ്തു. സൈനികൻ ചെന്താപ്പൂര് ഉഷസ്സിൽ കിരൺകുമാർ(32), പിതാവ് തുളസീധരൻ പിള്ള എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തുളസീധരൻപിളളയെ മർദിച്ച കേസിൽ കരയോഗം ഭാരവാഹികൾക്ക് എതിരെയും കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിനെപറ്റി പൊലീസ് പറഞ്ഞത്: ഞായർ രാവിലെ ചെന്താപ്പൂരിലെ കരയോഗ തിരഞ്ഞെടുപ്പിനിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
തിരഞ്ഞെടുപ്പിൽ അലങ്കോലം ഉണ്ടാക്കിയെന്ന് ആരോപിച്ച് തുളസീധരൻ പിള്ളയ്ക്കെതിരെ കരയോഗം ഭാരവാഹികൾ കൊട്ടിയം പൊലീസിൽ പരാതി നൽകി . കരയോഗം ഭാരവാഹികൾ തന്നെ മർദിച്ചതായി കാണിച്ച് തുളസീധരൻപിള്ളയും പരാതി നൽകി. ഇരുകൂട്ടരുടെയും പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ കിരൺകുമാർ കരയോഗം പ്രസിഡന്റിന്റെ വീട്ടിലെത്തി അസഭ്യം പറഞ്ഞതായി കാണിച്ച് കരയോഗം ഭാരവാഹികൾ വീണ്ടും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി.
ഇതേ തുടർന്നാണ് കൊട്ടിയം സിഐ പി. വിനോദും എസ്ഐ സുജിത് ജി. നായരും തുളസീധരൻപിള്ളയുടെ വീട്ടിൽ രാത്രി 8.30ന് എത്തിയത്. വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ സിഐയോട് കിരൺകുമാർ മോശമായി പെരുമാറി.എസ്ഐ ഇതു ചോദ്യം ചെയ്തു. തുടർന്ന് കിരൺകുമാർ ഇരുവരേയും മർദിക്കുകയായിരുന്നു. കിരൺകുമാറിനെ പിന്നീട് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്കു കൊണ്ടു പോയി. ഇയാൾ മദ്യ ലഹരിയിലായിരുന്നു വെന്നാണ് പൊലീസ് പറയുന്നത്.