ADVERTISEMENT

കൊല്ലം∙ ദേശീയപാത 66 നെ കൊല്ലം– തിരുമംഗലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കടമ്പാട്ടുകോണം– ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ഇട്ടിവ വില്ലേജ്, നിലമേൽ വില്ലേജ് എന്നിവിടങ്ങളിലെ 10.53 ഹെക്ടർ ഭൂമി ഏറ്റെടുക്കലിനു 3ഡി വിജ്ഞാപനമായി. ഇതോടെ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലാകും. 

ആദ്യ ഘട്ടത്തിൽ അഞ്ചൽ, അലയമൺ വില്ലേജുകളിലെ 12 ഹെക്ടർ ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കടമ്പാട്ടുകോണം– ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്കായി 180 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കൊല്ലം ജില്ലയിൽ 59.71 കിലോമീറ്റർ ദൂരത്തിൽ 124 ഹെക്ടറും തിരുവനന്തപുരം ജില്ലയിൽ 56 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. ജില്ലയിൽ  22 ഹെക്ടർ ഭൂമി ഏറ്റെടുത്തതായുള്ള 3ഡി വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ബാക്കി വരുന്ന 102 ഹെക്ടർ ഭൂമിക്കായുള്ള വിജ്ഞാപനം 4 ഘട്ടങ്ങളിലായി വരും ദിവസങ്ങളിൽ പുറത്തിറങ്ങാനാണ് സാധ്യത. ഭൂമി ഏറ്റെടുക്കലിനുള്ള പ്രാഥമിക വിജ്ഞാപനമായ 3എ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. 

പുനലൂർ, അഞ്ചൽ, കൊട്ടാരക്കര സ്പെഷൽ തഹസിൽദാർ ഓഫിസുകൾ കേന്ദ്രീകരിച്ചാണ് 3ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടികൾ നടക്കുന്നത്. വിജ്ഞാപന പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികൾക്കുള്ള നഷ്ടം ഭൂമി, കെട്ടിടം, കൃഷിവിളകൾ, വൃക്ഷങ്ങൾ, മറ്റ് നിർമിതികൾ എന്നിങ്ങനെ തരംതിരിച്ചാണ് നൽകുന്നത്. നഷ്ടപരിഹാര തുകയ്ക്ക് 3എ വിജ്ഞാപനം പുറപ്പെടുവിച്ച സമയം മുതലുള്ള പലിശ ലഭിക്കും. നിലവിലെ 3ഡി വിജ്ഞാപന പ്രകാരം നിലമേൽ, ഇട്ടിവ വില്ലേജുകളിലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ 25 മുതൽ‌ 27 വരെയുള്ള തീയതികളിൽ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട സ്പെഷൽ തഹസിൽദാർമാരുടെ മുന്നിൽ ഹാജരാകാണം.

അവ്യക്തത തുടരുന്നു

ഗ്രീൻഫീൽഡ് പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം സംബന്ധിച്ച അവ്യക്തതയും കൃത്യമായ വിശദീകരണങ്ങൾ അധികൃതരിൽ നിന്ന് ലഭിക്കാത്തതും ഉടമസ്ഥരിൽ ആശങ്ക സൃഷ്ടിക്കുന്നു. കര ഭൂമിക്ക് ദേശീയപാത, എംസി റോഡ്, പിഡബ്ല്യുഡി റോഡ്, സ്റ്റേറ്റ് ഹൈവേ, പ‍ഞ്ചായത്ത് റോഡ് എന്നിവയുമായുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അലയമൺ വില്ലേജിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിക്ക് ഒരേ വില രേഖപ്പെടുത്തിയിരിക്കുന്നതായി ആരോപണമുണ്ട്. 

ഹാജരാക്കേണ്ട പ്രധാനപ്പെട്ട രേഖകൾ

വസ്തുവിന്റെ അസ്സൽ ആധാരം, ലാൻഡ് ട്രൈബ്യൂണലിൽ നിന്ന് ലഭിച്ച ക്രയ സർട്ടിഫിക്കറ്റ് (പട്ടയം), അടിയാധാരം, നടപ്പു സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ഭൂമിയിൽ ജപ്തി നടപടിയില്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ് (സബ് റജിസ്ട്രാർ ഓഫിസിൽ നിന്നുള്ളത്), ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ കെട്ടിട നികുതി രസീതും, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും, വസ്തുവിന്റെ ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ, മരണ സർട്ടിഫിക്കറ്റ്, അനന്തരാവകാശികൾ ആരൊക്കെയെന്ന് തെളിയിക്കുന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ്, ഉടമസ്ഥനു പകരം മറ്റൊരാളാണ് ഹാജരാകുന്നതെങ്കിൽ പവർ ഓഫ് അറ്റോർണി ഹാജരാക്കണം,  വസ്തു ഉടമയുടെ തിരിച്ചറിയൽ രേഖകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com