വനംവകുപ്പിന്റെ വേലികെട്ടൽ ആർഡിഒ തടഞ്ഞു
Mail This Article
തെന്മല∙ വകുപ്പുകൾ തമ്മിൽ തർക്കം ഉന്നയിക്കുന്ന ഭൂമിയിലെ വനംവകുപ്പിന്റെ വേലികെട്ടൽ ആർഡിഒ തടഞ്ഞു. വേലികെട്ടാൻ എത്തിയപ്പോൾ പി.എസ്.സുപാൽ എംഎൽഎ ഇടപെട്ട് തടഞ്ഞിരുന്നു. റവന്യു - വനം മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമേ തുടർനടപടികൾ എടുക്കാൻ പാടുള്ളൂവെന്ന് അന്ന് എംഎൽഎ വനംവകുപ്പിനോട് അറിയിച്ചിരുന്നതാണ്. എന്നാൽ ഇന്നലെ സർവസന്നാഹവുമായി വനംവകുപ്പ് തടി ഡിപ്പോയ്ക്കു ചുറ്റും വേലി കെട്ടാൻ എത്തുകയായിരുന്നു.
ഇതറിഞ്ഞ് റവന്യു വകുപ്പും സ്ഥലത്തെത്തി. ഭൂമിയെ സംബന്ധിച്ച് ഇരുവിഭാഗവും അവകാശവാദം ഉന്നയിക്കുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഡിപ്പോ ഭൂമിയിൽ പ്രവേശിച്ചാൽ കേസെടുക്കുമെന്ന് ഇരു വകുപ്പുകളും അറിയിച്ചു. ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പുനലൂർ ആർഡിഒ ബി.ശശികുമാർ സ്ഥലത്തെത്തി. തർക്കഭൂമിയിൽ പ്രവേശിക്കുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി. രണ്ടര മാസം മുൻപ് പണി തുടങ്ങിയപ്പോൾത്തന്നെ തെന്മല വില്ലേജ് ഓഫിസ് അധികൃതർ റവന്യു ഭൂമിക്കു ചുറ്റും വേലി കെട്ടുന്ന പണി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെന്മല ഡിഎഫ്ഒയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതാണ്. അതിന് ശേഷം റവന്യുവകുപ്പ് ഡിപ്പോ ഭൂമിയിൽ ബോർഡും സ്ഥാപിച്ചിരുന്നു.