വിദ്യാർഥികള്‍ ലഹരിവിരുദ്ധതയുടെ അംബാസിഡര്‍മാരാകണം: പ്രഫ. ഡോ.പി.നസീര്‍
Mail This Article
പാങ്ങോട്∙ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അംബാസിഡര്‍മാരാകണമെന്ന് മന്നാനിയ കോളജ് പ്രിന്‍സിപ്പിലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രഫ.ഡോ.പി.നസീര്‍. കോളജ് വിദ്യാര്‍ഥിനികള്‍ വരെ ലഹരി വില്‍പനയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി കേസുകളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെ സമൂഹത്തിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളോളം മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു നേരം ഭക്ഷണം കഴിക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ പോലും ലഹരിക്കടമിപ്പെടുന്നത് നമ്മുടെ സംവിധാനങ്ങളുടെ പോരായ്മയാണ്. എങ്കിലും വ്യക്തിപരമായി ഓരോ വിദ്യാര്‍ഥികള്‍ക്കും ലഹരിക്കെതിരായി പ്രവര്‍ത്തിക്കാനാകും. അത് ജീവിതങ്ങള്‍ തകര്‍ത്തെറിയുന്ന ലഹരി ഉപയോഗങ്ങള്‍ക്ക് തടയിടുമെന്നും അദ്ദേഹം പറഞ്ഞു. കോളജിലെ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം മൂലം ലഹരി ഉപയോഗങ്ങള്‍ അവസാനിപ്പിക്കുന്നതിന് പരിമിതികള്‍ ഏറെയാണെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ.സതീശന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ 15 ശതമാനം ആളുകളാണ് മദ്യപാനികള്‍. മാരകമായ രാസവസ്തുകള്‍ അടങ്ങിയ പുകയില ഉപയോഗിക്കുന്ന് വലിയൊരു ശതമാനം വേറെയുമുണ്ട്. പുകവലിക്കുന്നവര്‍ക്കും അവരിലൂടെ പുറത്തേക്കെത്തുന്ന ആ പുക ശ്വസിക്കുന്നവര്‍ക്കും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണെന്ന് ഡോ.സതീശന്‍ വ്യക്തമാക്കി. അതുകൊണ്ട് ലഹരിയെ ഇല്ലാതാക്കുക സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും ശ്രീഗോകുല മെഡിക്കല്‍ കോളജ് ചീഫ് മെഡിക്കല്‍ ഓഫിസറും കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ കോളജ് സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദ്, ഐക്യുഎസി കോഓഡിനേറ്റര്‍ ഡോ.ദില്‍ഷാദ് ബിന്‍ അഷ്‌റഫ്, കോളജിലെ എന്‍എസ്എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ.മുംതാസ്, അധ്യാപകൻ ഡോ.അസീം ജാഫര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.