വിസ്മയയുടെ സഹോദരൻ വിജിത്ത് നാട്ടിലെത്തി; സന്തോഷം പങ്കിട്ട് കുടുംബം
Mail This Article
നിലമേൽ∙ നൈജീരിയയിൽ തടവിലായ കപ്പൽ ജീവനക്കാരൻ നിലമേൽ കൈതോട് വിജിത്ത് നാട്ടിൽ എത്തി. വീടിന് മുന്നിൽ നാട്ടുകാരുടെ സ്വീകരണം. ഏറ്റുവാങ്ങി. ഭാര്യയ്ക്കും കുട്ടിക്കും അച്ഛനും അമ്മയ്ക്കൊപ്പം സന്തോഷം പങ്കിട്ടു. ഇന്നലെ ഉച്ചയ്ക്കു നെടുമ്പാശേരിയിൽ എത്തിയ വിജിത്തിനെ അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിതയും ഭാര്യ ഡോ. രേവതിയും ചേർന്ന് സ്വീകരിച്ചു. രാത്രി 9.30ന് കുടുംബം വീട്ടിൽ എത്തി. വിജിത്തിന് വൻ സ്വീകരണമാണ് നാട്ടുകാർ ഒരുക്കിയിരുന്നത്.
കുട്ടിയുടെ നൂലുകെട്ടിനു മുൻപാണ് വിജിത്ത് ജോലിക്കായി പോയത്. നൈജീരിയയിൽ നേവി കപ്പൽ തടവിലാക്കിയതോടെ വിജിത്ത് ഉൾപ്പെടെ 26 പേർ കുടുങ്ങി. 10 ദിവസം മുൻപാണ് വിജിത്ത് ഉൾപ്പെടെയുള്ളവർ മോചിതരായത്. സ്ത്രീധന പീഡനത്തെ തുടർന്ന് സഹോദരി വിസ്മയ മരിച്ചതിന്റെ വേദന വിട്ടു മാറും മുൻപാണ് അവധി കഴിഞ്ഞ് വിജിത്ത് ജോലിക്ക് പോയത്. വിജിത്ത് നൈജീരിയയിൽ തടവിലായതോടെ കുടുംബം വീണ്ടും ആശങ്കയിലായി. നാട്ടിൽ എത്തിയ വിജിത്ത് തന്റെ മോചനത്തിനായി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.