ADVERTISEMENT

കൊല്ലം∙ കപ്പൽ അറ്റകുറ്റപ്പണിക്ക് തുറമുഖത്ത് ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് നിർമിക്കുന്നതിന്  മാരിടൈം ബോർഡിന്റെ ശുപാർശ. നിലവിലുള്ള 2 വാർഫുകളോടൊപ്പം പുതിയ വാർഫ് നിർമാണം, തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിന് ഡ്രജിങ് എന്നിവയ്ക്കും ശുപാർശ സമർപ്പിച്ചു. ഇത് ഉൾപ്പെടെ സംസ്ഥാനത്ത്  1200 കോടിയുടെ വികസന പദ്ധതികൾക്കാണ് ശുപാർശ നൽകിയത്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ ചെലവിന്റെ പകുതി തുക സാഗർമാല പദ്ധതി പ്രകാരം കേന്ദ്രസർക്കാരിൽ നിന്നു ലഭിക്കും. എന്നാൽ  ബാക്കി തുകയായി 600 കോടി രൂപ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിന് വഹിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ 2 ഘട്ടമായി പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് ഉൾപ്പെടെ കൊല്ലത്ത് വികസന പദ്ധതികൾ മുന്തിയ പരിഗണന നൽകി ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്താനാണ് ശ്രമം. തുറമുഖ വികസന പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ 60 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൊല്ലം തുറമുഖത്ത് 120 മീറ്റർ നീളത്തിൽ ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് സ്ഥാപിക്കുന്നതിന്  സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന മാരിടൈം ബോർ‍ഡ് താൽപര്യ പത്രം ക്ഷണിച്ചിരുന്നു. രണ്ടു കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചത്. ദുബായ് ആസ്ഥാനമായ സ്ഥാപനം കുറഞ്ഞ തുകയായ 179.80 കോടി രൂപയുടെ രൂപരേഖ സമർപ്പിച്ചു . സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കാമെന്നു കാണിച്ചു  മാരിടൈം ബോർഡ് ഇതു സംസ്ഥാന  സർക്കാരിനു കൈമാറയിട്ടുണ്ട്. തുറമുഖവകുപ്പിന്റെയും ധന വകുപ്പിന്റെയും അംഗീകാരം ലഭിച്ചാൽ കേന്ദ്രത്തിനു സമർപ്പിക്കും.

കൊല്ലം തുറമുഖത്ത് വാർഫ് എന്തിന് ?

നിലവിൽ തുറമുഖത്ത് 2 വാർഫുകൾ ഉണ്ടെങ്കിലും ഇവയുടെ വീതിയിലെ വ്യത്യാസം മൂലം വലിയ  കപ്പലുകൾ അടുക്കുന്നതിന് പ്രതിസന്ധിയുണ്ട്. ഇതു പരിഹരിക്കുന്നതിന് 100 മീറ്ററിൽ അധികം നീളത്തിൽ ഒരു വാർഫ് കൂടി നിർമിക്കാനാണ് മാരിടൈം ബോർഡിന്റെ ശുപാർശ. ഇതോടെ വലിയ കപ്പൽ അടുക്കാനും ചരക്ക് ഇറക്കിവയ്ക്കാനും മതിയായ സ്ഥലം ലഭിക്കും. 60 കോടി രൂപയാണ് വാർഫ് നിർമാണത്തിനു ചെലവു പ്രതീക്ഷിക്കുന്നത്. നിലവിൽ 7 മീറ്ററോളമാണ്  തുറമുഖത്ത് ആഴം. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ പോലെ തന്നെ കൊല്ലത്തിനു വലിയ വികസന സാധ്യതയുണ്ട്. വാർഫിന്റെ നീളം കൂട്ടുന്നതോടൊപ്പം വലിയ കപ്പൽ എത്തുന്നതിനു ഒരു മീറ്റർ കൂടി ആഴം വർധിപ്പിക്കാനാണ് ശുപാർശ.

English Summary: A floating dry dock will be available for ship maintenance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com