ADVERTISEMENT

നിലമേൽ∙ കാട്ടുപൂച്ചയുടെ കടിയേറ്റ ടാപ്പിങ് തൊഴിലാളി പേവിഷ ബാധ മൂലം മരിച്ചു. നിലമേൽ വയയ്ക്കൽ മാറാംകുഴി വില്ലൂർ വീട്ടിൽ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെയും വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. വീടിന് സമീപത്തു മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു നിന്ന റാഫിയെ കഴിഞ്ഞ മാസം 22നാണ് കാട്ടുപൂച്ച ആക്രമിച്ചത്. മുഖത്തും കൈക്കും കടിയേറ്റ റാഫിയെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷ ബാധ ഉണ്ടാകുമെന്നതിനാൽ നാലു ഡോസ് വാക്സിൻ കുത്തിവയ്ക്കാൻ ഡോക്ടർ നിർദേശിച്ചു.

റാഫിയുടെ മുഖത്തും കൈക്കും ആഴമുള്ള മുറിവാണ് ഉണ്ടായിരുന്നത്. മൂന്ന് ഡോസ് വാക്സീൻ കുത്തിവയ്പ് എടുത്ത റാഫിയോട് നാലാമത്തെ വാക്സീൻ 19ന് എടുക്കണമെന്നു ഡോക്ടർ നിർദേശിച്ചിരുന്നു. ഇതിനിടെ പനിയും ഛർദിയും ഉണ്ടായതിനെ തുടർന്ന് റാഫിയെ കഴിഞ്ഞ 12ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ഡോക്ടർമാരോട് കാട്ടൂപൂച്ച കടിച്ചെന്നും അതിന്റെ കുത്തിവയ്പ് എടുക്കുകയാണെന്ന് അറിയിച്ചിട്ടും സാധാരണ പനി ബാധിതർക്ക് നൽകുന്ന ചികിത്സകളാണ് നൽകിയതെന്നു ബന്ധുക്കൾ പറയുന്നു. 14ന് റാഫി മരിച്ചു. പാലോട് എസ്ഐഡിയിൽ നടത്തിയ പരിശോധനയിലാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്. ഭാര്യ: റംല ബീവി. മക്കൾ: റാഷിദ്, ഷാൻ, സൽമാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com